
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് കൈയകലെ നിൽക്കവേ നിരവധി ആഗ്രഹങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ഓരോ വോട്ടറുടെയും മനസിലുണ്ടാകും. രാഷ്ട്രീയ ചായ് വുകൾക്കതീതമായി മനസിലെ ആശയങ്ങൾ പങ്കുവെയ്ക്കുകയാണ് ജില്ലയിലെ യുവ വോട്ടർമാരുടെ പ്രതിനിധികൾ.
................
സബിത സുരേഷ്, അദ്ധ്യാപിക, ചേർത്തല
ജനാധിപത്യ രാഷ്ട്രീയം ഇന്ന് വെറും മുഖം മൂടിയാണ്. ജനങ്ങൾക്ക് തുല്യ അവകാശമെന്നത് കേവലം വാക്കുകളിൽ ഒതുങ്ങുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ അവരവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ് പലപ്പോഴും നിലകൊള്ളുന്നത്. പ്രചാരണ നാളുകളിൽ കാണിക്കുന്ന ജിജ്ഞാസ പിന്നീട് കാറ്റിൽ പറക്കുന്നു. ഒരു സർക്കാർ ജോലി എന്ന സാധാരണക്കാരന്റെ സ്വപ്നവും കഠിനാദ്ധ്വാനവും ഇനിയെങ്കിലും വിഫലമാകരുത്. അർഹിക്കുന്നവന്റെ ആനുകൂല്യങ്ങൾ ഇന്നും കൈപ്പാടകലെയാണ്. അനർഹർ പ്രോത്സാഹിപ്പിക്കപ്പെടുന്നു. മതേതരത്വം ഒരു പോലെ ബാധകമാവണം. ഒരുപാട് പ്രതീക്ഷയോടെയാണ് ജനം ഓരോ സർക്കാരിനെയും അധികാരത്തിലേറ്റുന്നത്. ഇനിയെങ്കിലും ആ പ്രതീക്ഷകളുടെ നിറം മങ്ങാതിരിക്കട്ടെ.
..................
ജിംസൺ ജോൺ, യുവദീപ്തി എസ്.എം.വൈ.എം ആലപ്പുഴ ഫെറോന മുൻ പ്രസിഡന്റ്
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് യുവജന പ്രാതിനിധ്യം എത്രത്തോളം ഉറപ്പുവരുത്താൻ സാധിക്കുന്നു എന്നത് പ്രധാനമാണ്. 65 ശതമാനത്തിന് മുകളിൽ യുവജനങ്ങളുള്ള രാജ്യത്ത് സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ മാതൃകയായ കേരളത്തിലും ജനസംഖ്യാനുപാതികമായി ഭരണ നിർമ്മാണ മേഖലകളിൽ യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന നല്ല നാളെകളെ യുവത്വം സ്വപ്‌നം കാണുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഈ നിയമസഭാ തിരഞ്ഞെടുപ്പിലുമൊക്കെ ഒട്ടുമിക്ക രാഷ്‌ട്രീയ കക്ഷികളും മുൻ കാലങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ യുവജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നു എന്നുള്ളത് ആശാവഹമാണ്. യുവജന ക്ഷേമത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ വിഭവനം ചെയ്ത് നടപ്പിൽ വരുത്താനുതകുന്ന ഭരണാധികാരികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. 40.5 ശതമാനം തൊഴിൽ രഹിത യുവജനങ്ങൾ എന്നത് ഭരണകർത്താക്കൾ ഇരുത്തി ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട സമസ്യയാണ്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്ന കേരളത്തിൽ നിന്നു ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മുടെ വിദ്യാർത്ഥികളുടെ അവസ്ഥയ്ക്ക് മാറ്റം വരണം. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് വോട്ട് പിടിക്കാനിറങ്ങുന്നവരെ ആട്ടിപ്പായിച്ച് മതേതരത്വവും സാമൂഹിക കൂട്ടായ്മയും ഊട്ടിയുറപ്പിക്കാൻ ആഗ്രഹിക്കുന്ന ജനപ്രതിനിധികൾ മുന്നോട്ട് വരട്ടെ.
..........................
ജോസ് ജെയിംസ്, പത്തിൽ ട്രേഡേഴ്സ്, ആലപ്പുഴ
രാജ്യത്തെ ഭരണപരിഷ്ക്കാരങ്ങളും കൊവിഡ് പ്രതിസന്ധി മൂലവും ഏറ്റവുമധികം നഷ്ടം നേരിടുന്ന വിഭാഗം രാജ്യത്തെ ബിസിനസുകാരാണ്. നിലവിലെ പ്രതിസന്ധികളെ മറികടക്കാൻ പദ്ധതികൾ ആവിഷ്ക്കരിക്കാൻ കെൽപ്പുള്ള സർക്കാർ അധികാരത്തിൽ വരണം. വ്യവസായ ഓഫീസുകൾ ഉൾപ്പടെ നിരവധി സംരംഭങ്ങളുണ്ട്. എന്നാൽ അവിടങ്ങളിലേക്ക് ചെല്ലുന്ന ഒരു പുതിയ സംരംഭകന് യാതൊരു പിന്തുണയും ലഭിക്കുന്നില്ല. പുതിയ നിയമസഭാ ഭരണകൂടവും ധനമന്ത്രിയും അത്തരം അവസ്ഥകൾക്ക് മാറ്റം വരുത്തുന്ന നടപടികൾ കൈക്കൊള്ളാൻ പ്രാപ്തരാവട്ടെ. എങ്കിൽ മാത്രമേ ശക്തമായ സാമ്പത്തിക അടിത്തറ സംസ്ഥാനത്തും രാജ്യത്തുമുണ്ടാകൂ. നിയമം ഉറപ്പുവരുത്തുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ക്ഷേമപദ്ധതികളുടെ ഗുണങ്ങൾ അർഹരായ എല്ലാവരിലേക്കും എത്തിച്ചേരുന്നുണ്ടെന്നതും ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ഉണ്ടാവണം.
..........................
പ്രജീഷ്, ആനിമൽ ട്രെയിനർ, ചക്കുളം
അടിസ്ഥാന ആവശ്യങ്ങൾ ഇനിയും എത്തിച്ചേർന്നിട്ടില്ലാത്ത പ്രദേശങ്ങളെ കണ്ടെത്താനും ഇവ അന്യമായ സമൂഹങ്ങളെ പ്രത്യേകം പരിഗണിക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്തി മുഖ്യധാരയിലേക്ക് കൈപിടിച്ച് എത്തിക്കാനും നിയമ നിർമാണങ്ങൾ ആവശ്യമാണ്. എല്ലാവർക്കും ഇടം നൽകുന്നതും വ്യത്യസ്ത സംസ്കാരങ്ങളോട് ആദരവ് കാണിക്കുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നേതൃനിര അധികാരത്തിലെത്തണം. വ്യക്തിപരമായ നേട്ടങ്ങൾക്കായിട്ടുള്ള ഓട്ടത്തിൽ നിന്ന് പിന്തിരിഞ്ഞ് ദീർഘ വീക്ഷണത്തോടെയുള്ള ആരോഗ്യ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയമാണാവശ്യം. യുവജന പ്രാതിനിധ്യം പോലെതന്നെ വനിതാ പ്രാതിനിദ്ധ്യവും ഉറപ്പുവരുത്തി തുല്യത മുൻനിറുത്തിയുള്ള തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ സജീവമാകണമെന്ന് യുവജനങ്ങൾ ആഗ്രഹിക്കുന്നു.