അമ്പലപ്പുഴ: പ്രളയത്തിൽ വീടു നഷ്ടപ്പെട്ട നിർദ്ധന കുടുംബത്തിന് ഒരു കൂട്ടം സുമനസുകളുടെ നേതൃത്വത്തിൽ കിടപ്പാടമൊരുങ്ങുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് നീർക്കുന്നം വലിയ പറമ്പിൽ സത്താറിനു വേണ്ടിയാണ് വീടൊരുങ്ങുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷനാണ് ഒരു പിടി സുമനസുകളുടെ കാരുണ്യം കൊണ്ട് സത്താറിന് അന്തിയുറങ്ങാൻ ഇടമൊരുക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന വീട്ടിലാണ് ഭാര്യയും മൂന്നു പെൺമക്കൾക്കുമൊപ്പം ഇദ്ദേഹം കഴിഞ്ഞിരുന്നത്.സത്താറിന്റെ ദുരിതമറിഞ്ഞ പീപ്പിൾസ് ഫൗണ്ടേഷൻ സഹായവുമായി മുന്നിട്ടിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നീർക്കുന്നം ഇജാബ മസ്ജിദ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം, നീർക്കുന്നം അൽ ഹുദാ മസ്ജിദ് പ്രസിഡന്റ് അക്ബർ ഷെരീഫ് എന്നിവർ ചേർന്ന് വീടു നിർമാണത്തിന് തുടക്കമിട്ടു. പീപ്പിൾസ് ഫൗണ്ടേഷന്റെ ഇരുപതോളം പ്രവർത്തകരാണ് വീടു നിർമാണം നടത്തുന്നത്.