
ആലപ്പുഴ: യു.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ജില്ലയിൽ മത്സരചിത്രം തെളിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ദിവസങ്ങൾക്ക് മുമ്പേ രംഗത്തെത്തിയിരുന്നു.
പരിചയസമ്പത്തും യുവത്വവും ഒരേപോലെ പരിഗണിക്കപ്പെട്ടതാണ് കോൺഗ്രസ് പട്ടിക. ബി.ജെ.പി പട്ടികയ്ക്കും സമാന സ്വഭാവമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തന്ത്രപരമായ നീക്കത്തിൽ എല്ലാം കെട്ടടങ്ങി. അമ്പലപ്പുഴയിൽ സീറ്റ് ലഭിക്കാതിരുന്നതോടെ ഇടഞ്ഞുനിന്ന കെ.പി.സി.സി ജനറൽസെക്രട്ടറി എ.എ.ഷുക്കൂറിനെ ഒരു കെട്ടിപ്പിടിത്തത്തിലൂടെ രമേശ് ചെന്നിത്തല വരുതിയിലാക്കി. ആലപ്പുഴയിൽ വി.എം. സുധീരന്റെ എതിർപ്പുകളെ കടലിൽ മുക്കിയാണ് മുൻ എം.പിയായ കെ.എസ്. മനോജ് സ്ഥാനാർത്ഥിയായത്.
കായംകുളത്ത് സിറ്റിംഗ് എം.എൽ.എയായ സി.പി.എമ്മിലെ യു. പ്രതിഭയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിതാ ബാബുവിനെ ഇറക്കിയതോടെ സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെടുന്ന പോരാട്ടക്കളമായി. ജില്ലാ പഞ്ചായത്ത് മുൻ അംഗമാണ്. രണ്ടു തവണ തുടർച്ചയായി തോറ്റവർക്ക് സീറ്റില്ലെന്ന മാനദണ്ഡത്തിൽ ഇളവ് നൽകിയാണ് അമ്പലപ്പുഴയിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനെ സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസ് സ്ഥാനാർത്ഥികളായി ചെങ്ങന്നൂരിൽ മത്സരിക്കുന്ന എം.മുരളിയും മാവേലിക്കരയിലെ കെ.കെ. ഷാജുവും മുൻ എം.എൽ.എമാരാണ്.
മാവേലിക്കരയിൽ സി.പി.എം നേതാവ് ബി.ജെ.പി ടിക്കറ്റിൽ സ്ഥാനാർത്ഥിയായതാണ് വലിയ അട്ടിമറി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും സി.പി.എം ചുനക്കര ലോക്കൽ കമ്മിറ്റിയംഗവുമായ കെ. സൻജുവാണ് പാർട്ടി വിട്ട് എൻ.ഡി.എയിൽ ചേക്കേറിയത്. ഇതോടെ ജില്ലയിൽ സി.പി.എം വിട്ട് എൻ.ഡി.എ സ്ഥാനാർത്ഥികളായവരുടെ എണ്ണം രണ്ടായി. നേരത്തെ തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. പി.എസ്. ജ്യോതിസ് ചേർത്തലയിൽ സ്ഥാനാർത്ഥിയായിരുന്നു. ബി.ഡി.ജെ.എസിന് നൽകിയ കുട്ടനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
ആലപ്പുഴ
യു.ഡി.എഫ്: കെ.എസ്. മനോജ്
എൽ.ഡി.എഫ്: പി.പി. ചിത്തരഞ്ജൻ
എൻ.ഡി.എ: ആർ.സന്ദീപ് വാചസ്‌പതി
ചേർത്തല
യു.ഡി.എഫ്: എസ്. ശരത്ത്
എൽ.ഡി.എഫ്: പി. പ്രസാദ്
എൻ.ഡി.എ: അഡ്വ. പി.എസ് ജ്യോതിസ്
അരൂർ
യു.ഡി.എഫ്: അഡ്വ. ഷാനിമോൾ ഉസ്‌മാൻ
എൽ.ഡി.എഫ്: ദലീമ ജോജോ
എൻ.ഡി.എ: ടി. അനിയപ്പൻ
ചെങ്ങന്നൂർ
യു.ഡി.എഫ്: എം. മുരളി
എൽ.ഡി.എഫ്:സജി ചെറിയാൻ
എൻ.ഡി.എ: എം.വി. ഗോപകുമാർ
മാവേലിക്കര
യു.ഡി.എഫ്: കെ.കെ. ഷാജു
എൽ.ഡി.എഫ്: എം.ആർ. അരുൺകുമാർ
എൻ.ഡി.എ: സൻജു
അമ്പലപ്പുഴ
യു.ഡി.എഫ്: എം.ലിജു
എൽ.ഡി.എഫ്: എച്ച്. സലാം
എൻ.ഡി.എ: അനൂപ് ആന്റണി ജോസഫ്
ഹരിപ്പാട്
യു.ഡി.എഫ്: രമേശ് ചെന്നിത്തല
എൽ.ഡി.എഫ്: അഡ്വ. ആർ. സജിലാൽ
എൻ.ഡി.എ: കെ. സോമൻ
കായംകുളം
യു.ഡി.എഫ്: അരിത ബാബു
എൽ.ഡി.എഫ്: യു. പ്രതിഭ
എൻ.ഡി.എ: പ്രദീപ് ലാൽ
കുട്ടനാട്
യു.ഡി.എഫ് ജേക്കബ് എബ്രഹാം
എൽ.ഡി.എഫ്: തോമസ് കെ. തോമസ്
എൻ.ഡി.എ: പ്രഖ്യാപിച്ചിട്ടില്ല