shhh

ആലപ്പുഴ: ജില്ലയിൽ ആകെയുള്ള 9 നിയമസഭ സീറ്റുകളിൽ 4 വനിതകളാണ് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. അരൂരിൽ കോൺഗ്രസിലെ സിറ്റിംഗ് എം.എൽ.എ ഷാനിമോൾ ഉസ്മാനും ആലപ്പുഴ നഗരസഭ വൈസ് ചെയർപെഴ്സണായ സി.പി.എമ്മിലെ ദലീമ ജോജോയും ഏറ്റുമുട്ടുമ്പോൾ കായംകുളത്ത് സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ.എ അഡ്വ. യു. പ്രതിഭയും കോൺഗ്രസിൽ നിന്ന് യുവ വനിതാനേതാവ് അരിത ബാബുവുമാണ് അരങ്ങത്തുള്ളത്.

 ഷാനിമോൾ ഉസ്മാൻ (അരൂർ)

2019ൽ അരൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ മനു സി.പുളിക്കലിനെ തോൽപ്പിച്ചു. ഗൗരിഅമ്മയുടെ തട്ടകമായിരുന്ന മണ്ഡലം എ.എം.ആരിഫിലൂടെ സി.പി.എം തിരിച്ചു പിടിച്ചപ്പോൾ മടങ്ങിവരവ് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ ആരിഫിനെ പാർലമെന്റിലേക്ക് സി.പി.എം വിജയിപ്പിച്ചപ്പോൾ, അന്ന് ആരിഫിനോട് തോറ്റ ഷാനിമോൾ ഉസ്മാന് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് നറുക്കു വീഴുകയായിരുന്നു. യുവ നേതാവ് മനു സി.പുളിക്കൽ പരാജയം രുചിച്ചപ്പോൾ ഷാനിമോൾ മണ്ഡലത്തിന്റെ പ്രതിനിധിയായി. നിലവിലെ നിയമസഭയിൽ ഏക മുസ്ലീം വനിതാ എം.എൽ.എയും ഷാനിമോൾ ഉസ്മാനാണ്. അരൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള ആദ്യത്തെ കോൺഗ്രസ് എം.എൽ.എ എന്ന വിശേഷണവും ഷാനിമോൾ ഉസ്മാന് അവകാശപ്പെട്ടതാണ്.

 ദലീല ജോജോ

ഉപ തിരഞ്ഞടുപ്പിലൂടെ കൈവിട്ടുപോയ അരൂർ തിരിച്ചു പിടിക്കാൻ, ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ നിന്ന് തുടർച്ചയായ രണ്ടാംതവണ തിരഞ്ഞെടുക്കപ്പെട്ട പിന്നണി ഗായിക ദലീമ ജോജോയെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്.

അരൂർ സ്വദേശിയായ ദലീമയെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. യാദൃശ്ചികമായാണ് 2015ൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ ദലീമ പാട്ടും പാടി വിജയിക്കുമെന്ന പ്രതീക്ഷയാണ് പ്രവർത്തകർക്കുള്ളത്.

............................................

 യു. പ്രതിഭ (കായംകുളം)

നിയമസഭ തിരഞ്ഞെടുപ്പിൽ കായംകുളത്ത് സി.പി.എം സിറ്റിംഗ് എം.എൽ.എ പ്രതിഭയ്ക്ക് ഇത് രണ്ടാമൂഴം. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പ്രതിഭയ്ക്ക് തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമേയുള്ളൂ. എവിടെ മത്സരിച്ചാലും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതിഭയുടെ നിഘണ്ടുവിലില്ല. ആദ്യം തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, 2010ൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, 2016ൽ നിയമസഭയിലേക്ക്. കായംകുളത്ത് നിന്നുള്ള രണ്ടാം അങ്കത്തിലും വിജയിക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് പ്രതിഭ.

 അരിത ബാബു

തികച്ചും അപ്രതീക്ഷിതമായിരുന്നു കായംകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ അരിത ബാബുവിന്റെ രംഗപ്രവേശം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. അച്ഛനാണ് അരിതയുടെ രാഷ്ട്രീയ ഗുരു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ് കായംകുളമെങ്കിലും കൂട്ടായ പ്രവർത്തനത്തിലൂടെ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് അരിതയും പ്രവർത്തകരും.