s

റെക്കാ‌ഡിംഗ് മേഖല പ്രതീക്ഷയിൽ

ആലപ്പുഴ: വോട്ടർമാരുടെ മനസിലേക്ക് ഒഴുകിയെത്താനുള്ള പാട്ടുകൾ അണിയറയിൽ ഒരുങ്ങുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തേക്കാൾ വ്യത്യസ്തമാണ് നി​യമസഭാ തി​രഞ്ഞെടുപ്പി​ലെ ഗാനങ്ങളുടെ സൃഷ്ടി​.

ചെറിയ സ്റ്റുഡിയോകൾ കേന്ദ്രീകരിച്ചും മുൻപ് പാട്ടുകൾ റെക്കാഡ് ചെയ്തി​രുന്നു.

പ്രശസ്ത സിനിമാ ഗാനരചയിതാക്കളെയാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും തങ്ങളുടെ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ നിയോഗിച്ചിരിക്കുന്നത്. വിവിധ സ്ഥാനാർത്ഥികൾ ഒരേപോലെ സമീപിച്ചതോടെ നിന്നു തിരിയാൻ നേരമില്ലാത്ത അവസ്ഥയിലാണ് രചയിതാക്കളും സംഗീത സംവിധായകരും. തദ്ദേശത്തിൽ പാരഡി ഗാനങ്ങൾക്കായിരുന്നു ഡിമാൻഡെങ്കിലും നിയമസഭയിലേക്കെത്തുമ്പോൾ ഓരോ സ്ഥാനാർത്ഥിക്കും വേണ്ടി പുതുഗാനങ്ങൾ പിറവികൊള്ളുകയാണ്. സ്ഥാനാർത്ഥിയുടെ വിവരണം, മണ്ഡലത്തിന്റെ നേട്ടങ്ങൾ, വാഗ്ദാനങ്ങൾ, പ്രത്യേകതകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു വേണം ഓരോ ഗാനവും ചിട്ടപ്പെടുത്താൻ.

പുത്തൻ ഉണർവി​ൽ അനൗൺസ്മെന്റ് മേഖല

ഗാനങ്ങൾ ഹൈ ലെവലിൽ തയാറാക്കപ്പെടുമ്പോഴും അനൗൺസ്മെന്റുകൾക്കുള്ള പ്രാധാന്യം കുറയുന്നി​ല്ല. നാട്ടിലെ സ്ഥിരം അനൗൺസർമാർ പൂർണ ശുഭപ്രതീക്ഷയിലാണ്. കാലാകാലങ്ങളായി മേഖലയിൽ പ്രവർത്തിക്കുന്നവരെ തേടി ബുക്കിംഗാനായുള്ള വിളികൾ എത്തിതുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പിൽ പാട്ടും അനൗൺസ്മെന്റും വീഡിയോകളും അടക്കം പാക്കേജുകളായാണ് വിവിധ സ്റ്റുഡിയോകളിൽ തയ്യാറാക്കിയിരുന്നത്. ഇത്തവണ ഗാനങ്ങൾ തയ്യാറായി എത്തുന്ന മുറയ്ക്ക് സ്ഥാനാർത്ഥികൾക്ക് വേണ്ടി പാക്കേജുകൾ തയ്യാറാക്കി നൽകാൻ റെഡി​യാണ് വിവിധ ഇവന്റ് മാനേജ്മെന്റ് ടീമുകൾ.

ദിവസങ്ങൾ മുഖ്യം

കൊവിഡിന് അറുതി വരാത്ത സാഹചര്യത്തിൽ എത്ര ദിവസം അനൗൺസ്മെന്റുകൾക്ക് അനുമതി ലഭിക്കുമെന്നതും പ്രധാനമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിശബ്ജ പ്രചരണത്തിന് തൊട്ടുമുമ്പുള്ള ഏതാനും ദിവസങ്ങളിൽ മാത്രമാണ് അനൗൺസ്മെന്റിന് അനുമതി ലഭിച്ചിരുന്നത്. അവസാനനിമിഷം നിരവധി സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പാക്കേജുകൾ തേടി എത്തിയതോടെ, പലരെയും തിരികെ പറഞ്ഞയക്കേണ്ട നിസഹായാവസ്ഥ ഉണ്ടായതായി കലാകാരന്മാർ പറയുന്നു.

>>>>>>>>>>>>>>>>>>>>>

സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള ഗാനങ്ങൾ തയാറാക്കുന്ന തിരക്കിലാണ്. പ്രചാരണത്തിന് അധിക ദിവസങ്ങളില്ലാത്തതിനാൽ എത്രയും വേഗം ജോലി പൂർത്തിയാക്കേണ്ടതുണ്ട്

വയലാർ ശരത്ചന്ദ്ര വർമ്മ

നമ്മുടെ സ്വരം ഇഷ്ടപ്പെടുന്നവർ നമ്മളെ തന്നെ തേടി എത്തും. പലരും വിളിച്ച് ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ തദ്ദേശ തിരഞ്ഞെടുപ്പ് പോലെ വലിയ തിരക്ക് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുണ്ടാവില്ല

ബിസി ഹരിദാസ്, അനൗൺസ്മെന്റ് കലാകാരൻ

>>>>>>>>>>>>>>>>>>>>>>>