ആലപ്പുഴ: 'വിശ്വാസത്തിന്റെ മുഖ'മെന്ന ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ.എസ്. മനോജിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ശരിയല്ലെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി. ചിത്തരഞ്ജന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോജ് ഈ വാചകം ഉപയോഗിച്ചതിന് ഒരുപാട് വിശദീകരണം നൽകേണ്ടി വരും. ഇതേ വരെ ആലപ്പുഴ മണ്ഡലത്തിലെ ജനങ്ങളോട് മനോജ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പ്രളയവും കൊവിഡുമുൾപ്പെടെ ദുരന്തങ്ങൾ നേരിട്ടപ്പോൾ കെ.എസ്.മനോജ് എവിടെയായിരുന്നെന്നും തോമസ് ഐസക്ക് ചോദിച്ചു. വ്യക്തിപരമായ ആക്ഷേപത്തിന് താൻ മുതിരുന്നില്ലെന്നും ഐസക്ക് വ്യക്തമാക്കി.