saji-cheriyan

ആലപ്പുഴ: ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി​ സജി​ചെറി​യാന്റെ വാർഷി​ക വരുമാനം ആറ് ലക്ഷം രൂപ. ഭാര്യ ക്രിസ്റ്റീനയുടെ വാർഷി​ക വരുമാനം 5.54 ലക്ഷം രൂപയുമാണ്. ഇന്നലെ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സജി​ചെറി​യാന്റെ പേരി​ൽ കേസുകളൊന്നും നിലവിലില്ല. 25,06,140 രൂപയുടെ ജംഗമ ആസ്തിയും 28 ലക്ഷം രൂപ മതിപ്പുവിലയുള്ള ഭൂമിയുമാണ് സമ്പാദ്യം. 1,14,651 രൂപയുടെ ബാദ്ധ്യതയുണ്ട്. കൃഷിയും എം.എൽ.എ എന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളുമാണ് വരുമാന സ്രോതസ്. ഭാര്യ ക്രിസ്റ്റീനയുടെ പേരിൽ സ്വർണാഭരണങ്ങളുൾപ്പെടെ 10,41,051 രൂപയാണ് സമ്പാദ്യം. 4.41ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും ഭാര്യയുടെ പേരിലുണ്ട്. ക്രിസ്റ്റീനയ്ക്ക് 1,78,718 രൂപയുടെ ബാദ്ധ്യതയുണ്ട്.

ആലപ്പുഴ മണ്ഡലത്തി​ലെ സ്ഥാനാർത്ഥി​ പി​.പി​ ചി​ത്തരഞ്ജന് സ്വന്തമായി​ വരുമാനമി​ല്ല. സ്വന്തം പേരിൽ വാഹനങ്ങളും ഓഹരിയും ബാങ്ക് നിക്ഷേപവും ഉൾപ്പെടെ 1,49,148 രൂപയുടെ വരുമാനമുണ്ട്. ഭാര്യ ജയശ്രീയുടെ പേരിൽ സ്വർണാഭരണങ്ങളുൾപ്പെടെ 9,03,699 രൂപയുടെ സമ്പാദ്യമുണ്ട്. മകൻ സി .അരുണിന്റെ പേരിൽ 7,00,559 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭാര്യയുടെ പേരിൽ 80 ലക്ഷം രൂപ വിപണിമൂല്യമുള്ള ഭൂമിയുമുണ്ട്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള രണ്ടാം ദിനം പിന്നിട്ടപ്പോൾ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ഇന്നലെ നാല് പത്രികകളാണ് ലഭിച്ചത്.