ഓച്ചിറ: പതിമൂന്ന് വർഷം മുൻപ് കായംകുളം തോപ്പിൽ തീയറ്റേഴ്സിന് വേണ്ടി തോപ്പിൽഭാസിയുടെ മകൻ തോപ്പിൽ സോമൻ രചനയും സംവിധാനവും നിർവഹിച്ച 'ഏനും ഏന്റെ തമ്പ്രാനും' എന്ന പ്രൊഫഷണൽ നാടകം ഒരുകൂട്ടം കലാകാരന്മാർ വീണ്ടും അരങ്ങത്തെത്തിക്കുന്നു.
ഓച്ചിറ പ്രയാർ ആർ.വി.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ 1985 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'സ്നേഹായനം' ആണ് നാടകം പുനരവതരിപ്പിക്കുന്നത്. നാടകത്തിലെ പ്രധാന നടന്മാരായ കെ.പി.എ.സി ബിനുവും തോപ്പിൽ പ്രദീപും ചേർന്നാണ് നാടകം സംവിധാനം ചെയ്യുന്നത്. സ്നേഹായനത്തിന്റെ മൂന്നാം വാർഷിക ദിനമായ 17ന് വൈകിട്ട് 6ന് ഓച്ചിറ പരബ്രഹ്മക്ഷേത്ര ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറും.
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവും കർഷകൻ അനുഭവിക്കുന്ന കഷ്ടപ്പാടും ദുരുതവുമാണ് നാടകത്തിന്റെ ഇതിവൃത്തം. രംഗപടം രൂപകൽപ്പന ചെയ്തത് ആർട്ടിസ്റ്റ് സുജാതനാണ്. ഒ.എൻ.വിയുടെ വരികൾക്ക് അർജുനൻ മാഷ് സംഗീതം നൽകിയിരിക്കുന്നു. കല്ലറ ഗോപനും ഒ.എൻ.വിയുടെ ചെറുമകൾ അപർണയുമാണ് ഗാനങ്ങൾ ആലപിച്ചത്.
നാടകം പുനരവതരിപ്പിക്കുന്നതിനായി പുതിയ രംഗപടവും ഗാനങ്ങളുടെ റെക്കാർഡിംഗും വേണ്ടിവന്നുവെന്ന് സ്നേഹായനം പ്രസിഡന്റ് ഹരികുമാർ, സെക്രട്ടറി കെ. കൃഷ്ണകുമാർ, ട്രഷറർ നവീൻകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.