
ചേർത്തല: ജനകീയ ജൈവ പച്ചക്കറി കൃഷിയുടെ ഉപജ്ഞാതാവും കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ
പി.പി. സ്വാതന്ത്റ്യത്തിന്റെ പ്രവർത്തനവും സംഭാവനകളും വരും തലമുറകൾക്ക് പഠിക്കാൻ ഉചിതമായ സ്മാരകം പണിയുമെന്ന് ചേർത്തലയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.എസ്. ജ്യോതിസ് പറഞ്ഞു. പി.പി. സ്വാതന്ത്റ്യത്തിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ ജൈവകൃഷി മാതൃക സംഭാവന ചെയ്ത അദ്ദേഹം മൺമറഞ്ഞ് 23 വർഷം പിന്നിട്ടിട്ടും കഞ്ഞിക്കുഴി മോഡലിനെ വോട്ടുറപ്പിക്കാനുള്ള തന്ത്റമായി മാത്രം കാണുകയായിരുന്നു ഭരണകർത്താക്കൾ. കെ.എം. മാണിക്കു പോലും സ്മാരകം പണിതിട്ടും പി.പി. സ്വാതന്ത്റ്യത്തിന്റെ സ്മരണ നിലനിറുത്താനും അദ്ദേഹത്തിന്റെ സംഭാവനകൾ വരും തലമുറയ്ക്ക് മനസിലാക്കാനും ഒന്നും ചെയ്യാൻ ഇടതു മുന്നണി നേതാക്കൾക്കും മന്ത്റിമാർക്കും പോലും കഴിഞ്ഞില്ല. പഞ്ചായത്ത് ഹാളിന് അദ്ദേഹത്തിന്റെ പേര് നൽകി. പക്ഷേ വർഷാവർഷമുള്ള അനുസ്മരണ ചടങ്ങുകളിൽ മാത്രമൊതുങ്ങുകയാണ് എല്ലാം. ഈ സാഹചര്യത്തിലാണ് പി.പി. സ്വാതന്ത്റ്യത്തിന്റെ സംഭാവനകളും പ്രവർത്തന ശൈലിയും വിദ്യാർത്ഥികളിലും ഗവേഷകരിലും എത്തിക്കാനുള്ള ഉചിതമായ സ്മാരകം നിർമ്മിക്കാൻ എൻ.ഡി.എ മുന്നിട്ടിറങ്ങുന്നതെന്ന് അഡ്വ. പി എസ്. ജ്യോതിസ് പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി പാലിയേറ്റീവ് കെയർ സെന്റർ തുടങ്ങി മാതൃകയായ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായിരുന്ന സി.കെ. ഭാസ്‌കരന്റെ സ്മൃതി കുടീരത്തളിൽ ജ്യോതിസ് പുഷ്പാർച്ചന നടത്തി.വി.എസ്. അച്യുതാനന്ദന് ശേഷം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായിരുന്ന കെ. ദാസിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളിൽ നിന്ന് അനുഗ്രഹം നേടി. കോൺഗ്രസിന്റെ മുൻ ബ്ലോക്ക് പ്രസിഡന്റും ഡി.സി.സി ഭാരവാഹിയുമായിരുന്ന പറവക്കൽ രാമചന്ദ്രന്റെ വീടും സന്ദർശിച്ചു. മികച്ച കർഷകനുള്ള അവാർഡ് നേടിയ സുജിത്തിനെ പാട ശേഖരത്തിലെത്തി പൊന്നാടയണിയിച്ചു. വീരമൃത്യു വരിച്ച കഞ്ഞിക്കുഴിയിലെ ജവാൻ അനിൽകുമാറിന്റെ കുടുംബത്തേയും സന്ദർശിച്ചു.