
ആലപ്പുഴ: ഹരിപ്പാട്ട് സി.പി.ഐയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഉണ്ടായിരുന്നിട്ടും അവഗണിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജിവച്ച ജില്ലാ കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറ, ബി.ഡി.ജെ.എസ് പിന്തുണയോടെ കുട്ടനാട്ടിൽ എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥിയാവുമെന്ന വാർത്ത സി.പി.ഐ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായിരുന്നു പിതാവ് മേട്ടുതറ നാരായണൻ.
സി.പി.ഐയിൽ നിന്ന് തമ്പി രാജിവച്ച വിവരം അറിഞ്ഞ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ ഫോണിൽ ബന്ധപ്പെട്ട് കുട്ടനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മത്സരത്തിന് ഇറങ്ങാൻ തീരുമാനിച്ചതെന്ന് കായംകുളം സ്വദേശിയായ തമ്പി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെ ആലപ്പുഴ നഗരത്തിൽ ജെൻഡൽ പാർക്കിന് സ്ഥലം വാങ്ങിയതിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ മുന്നണിക്കുള്ളിൽ നിന്ന് പോരാടി ജനശ്രദ്ധ നേടി. യു. പ്രതിഭയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഇരുവരും തമ്മിൽ നേർക്കുനേർ നടന്ന വാഗ്വാദങ്ങൾ പാർട്ടി നേതൃത്വം ഇടപെട്ടാണ് മയപ്പെടുത്തിയത്.
എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയത്തിൽ ചുവടുവച്ച തമ്പി മേട്ടുതറ എ.ഐ.വൈ.എഫ് കായംകുളം മണ്ഡലം സെക്രട്ടറി, ജില്ലാ എക്സിക്യുട്ടീവ് അംഗം, മുതുകുളം ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും പ്രവാസി സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗവുമാണ്. എ.ഐ.ടി.യു.സി ജനറൽ കൗൺസിൽ അംഗം, കശുഅണ്ടി വികസന കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയതും പാർട്ടിയുമായുള്ള ഉരസലിന് കളമൊരുക്കി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ 33,044 വോട്ട് (25.47ശതമാനം) ബി.ഡി.ജെ.എസ് നേടിയിരുന്നു. മണ്ഡല പുനർ നിർണ്ണയത്തിന് ശേഷം ഇടത് ആഭിമുഖ്യം പുലർത്തുന്ന കുട്ടനാട്ടിൽ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗത്തെ ഏറെ പ്രതീക്ഷയോടെയാണ് ബി.ഡി.ജെ.എസ് പിന്തുണയോടെ എൻ.ഡി.എ മത്സരിപ്പിക്കുന്നത്. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും ഈഴവ സമുദായത്തിന് ശക്തമായ അടിത്തറയുണ്ട്.
അനുസ്മരണം 19ന്
പിതാവിന്റെ പത്താം അനുസ്മരണം 19ന് നടക്കാനിരിക്കേയാണ് തമ്പി മേട്ടുതറ പാർട്ടിയിൽ നിന്ന് രാജിവച്ചത്.
പുതുപ്പള്ളിരാഘവൻ, ശങ്കരനാരായണൻ തമ്പി, തോപ്പിൽഭാസി എന്നിവർ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് നേതാക്കളെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തതോൾ അവരെ മോചിപ്പിക്കാനായി പൊലീസ് സ്റ്റേഷൻ അക്രമിച്ച കേസിലെ ഒന്നാം പ്രതിയായിരുന്നു മേട്ടുതറ നാരായണൻ. മന്ത്രി പി. തിലോത്തമൻ, പാർട്ടി ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് തുടങ്ങി നിരവധി പ്രമുഖരെ പങ്കെടുപ്പിച്ച് അനുസ്മരണം നടത്താനിരിക്കെയാണ് തമ്പിയുടെ രാജി.
കുട്ടനാട് @ 2016
എൽ.ഡി.എഫ്- 50,114 (38.63)
യു.ഡി.എഫ്- 42,223 (34.86)
എൻ.ഡി.എ- 33,044 (25.47)