
സമൂഹമാദ്ധ്യമങ്ങളിൽ സ്ഥാനാർത്ഥികൾ സജീവം
ആലപ്പുഴ: വോട്ടർമാർ ബൂത്തിലെത്താൻ മൂന്നാഴ്ച മാത്രം ശേഷിക്കേ, സൈബർ ഇടങ്ങളിൽ പോരാളികൾ സജീവമായി. ഓരോ മണ്ഡലത്തിലും വോട്ട് സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള വാട്സാപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനാടിസ്ഥാനത്തിൽ വിവിധ പേജുകൾ തയ്യാറാക്കിയാണ് ഓരോ പാർട്ടിക്കു വേണ്ടിയും അണികൾ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സൈബർ പോരാളികൾ, സൈബർ വോയ്സ്, സൈബർ വിംഗ്സ് എന്നീ പേജുകൾക്ക് പുറമേ, വർഷങ്ങൾക്ക് മുമ്പേ കളത്തിലിറങ്ങിയ പോരാളി ഷാജിയും, പോരാളി വാസുവും ഇടത് വലത് ചേരികളിൽ ആരോപണ, പ്രത്യാരോപണങ്ങളുമായി സജീവമാണ്.
സ്ഥാനാർത്ഥികൾക്ക് സമയമില്ലാത്തതിനാൽ അണികളാണ് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്. ഇടുന്ന പോസ്റ്റുകൾ പരമാവധി ആളുകളിലെത്തിക്കുക, ഷെയറുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് പ്രധാന അജണ്ടകൾ. ടീമുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മുന്നണികൾക്ക് പൊതുവായും, വാർഡ് അടിസ്ഥാനത്തിലും സൈബർ ടീമുകളുണ്ട്. സൈബറിടത്തിൽ ചിലവഴിക്കാൻ സമയമുള്ള യുവാക്കളെയാണ് സോഷ്യൽ മീഡിയ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
കടുത്ത പോരാട്ടം
മണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡുകളെയാണ് പ്രചാരണത്തിന് വേണ്ടി നിയോഗിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിക്കെതിരെ വരുന്ന വാർത്തകളും പോസ്റ്റുകളും കണ്ടെത്താനും സ്ക്വാഡുണ്ട്. ഒരു ബൂത്തിൽ രണ്ട് പേർ, മേഖലയിൽ രണ്ട് പേർ, മണ്ഡലത്തിൽ അഞ്ചിൽ അധികം പേർ എന്നിങ്ങനെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർമാരുണ്ട്. പരമാവധി പേരെ തങ്ങളുടെ ഗ്രൂപ്പിൽ അംഗമാക്കാൻ മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന, പ്രകടന പത്രിക തുടങ്ങിയവ നേരിട്ട് കൈമാറുന്നതിനെക്കാളും പ്രചാരമാണ് വാട്സ് ആപ്പിലൂടെ അയക്കുമ്പോൾ ലഭിക്കുക. രാഷ്ട്രീയ എതിരാളികൾക്കു നേരെ ട്രോളുകൾ ഇറക്കുക, നേതാക്കളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വൈറലാക്കുക എന്നിവയാണ് പോരാളിമാരുടെ പ്രധാന ജോലി. എതിരാളികളുടെ പഴയകാല പോസ്റ്റുകൾ കുത്തിപ്പൊക്കുക, നയവ്യതിയാനങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയും പ്രധാനമാണ്. തിരഞ്ഞെടുപ്പ് കാലത്തു മാത്രം ജൻമമെടുക്കുന്ന നിരവധി വ്യാജ അക്കൗണ്ടുകളും കളത്തിലുണ്ട്.
സാദ്ധ്യത ചെറുതല്ല
പണച്ചെലവ് താരതമ്യേന കുറവാണെന്നതാണ് സൈബർ പ്രചാരണത്തിന്റെ ഗുണം. പോസ്റ്ററുകളും തുണി ബാനറുകളും അച്ചടിച്ചിറക്കാൻ ചിലവഴിക്കുന്നതിന്റെ നാലിലൊന്ന് തുക വേണ്ട മികച്ചൊരു ഗ്രാഫിക് ഡിസൈനറെ ഉപയാഗിച്ച് പ്രചാരണ ഫോട്ടോകൾ തയ്യാറാക്കാൻ. വിവിധ രൂപത്തിലും ഭാവത്തിലും, വ്യത്യസ്തങ്ങളായ ഡിസൈനുകളിലും പോസ്റ്ററുകൾ ഫോൺ വഴി വോട്ടറുടെ പോക്കറ്റിലെത്തും.