
ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെ അകമ്പടിയോടെ ഹരിപ്പാട് കോൺഗ്രസ് ഓഫീസിൽ നിന്നു പ്രകടനമായെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൂന്ന് പേർ മാത്രമാണ് പത്രിക സമർപ്പിക്കാൻ ഹരിപ്പാട് എ.ആർ.ഒയുടെ ഓഫീസിൽ പ്രവേശിച്ചത്.
നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. കാൽനടയായി ടൗൺഹാൾ ജംഗ്ഷനിൽ എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. വനിതാപ്രവർത്തകരും ജാഥയിൽ പങ്കെടുത്തു. തുറന്ന ജീപ്പിൽ ടൗൺഹാളിൽ നിന്ന് യാത്ര തുടങ്ങി. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലും മണ്ണാറശാല ക്ഷേത്രത്തിന് മുന്നിലും പ്രാർത്ഥിച്ച ശേഷമാണ് ബ്ലോക്ക് ഓഫീസിൽ എത്തി പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം.ഹസ്സൻ, ജി.ദേവരാജൻ, എം.കെ പ്രേമചന്ദ്രൻ, സി.പി. ജോൺ എന്നിവർ ഫോണിൽ വിളിച്ച് വിജയാശംസകൾ നേർന്നു. എ.കെ. രാജൻ, എം.എം. ബഷീർ, ബി.രാജശേഖരൻ, അനിൽ ബി.കളത്തിൽ, കെ.എം രാജു, എം.കെ.വിജയൻ, ജോൺ തോമസ്, എം.എ. ലത്തീഫ്, ബേബി ജോൺ, സുരേഷ് മുതുകുളം, എം.ആർ. ഹരികുമാർ, എസ്.വിനോദ് കുമാർ, കെ.കെ. സുരേന്ദ്രനാഥ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി.ഷുക്കൂർ, കെ.ബാബുക്കുട്ടൻ, എം.ബി.സജി, കെ.കെ രാമകൃഷ്ണൻ, എം.സജീവ്, കെ.എസ്. ഹരികൃഷ്ണൻ, ബിനു ചുള്ളിയിൽ, എം.പി. പ്രവീൺ, എസ്.എസ്. ജോളി, കൊല്ലമല തങ്കച്ചൻ, അഡ്വ.നൗഷാദ്, ഫക്രുദീൻ, ആർ.മോഹനൻ, രാജലക്ഷമി, കൃഷ്ണകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.