t

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മൂന്ന് നേതാക്കൾ എൻ.ഡി.എ സ്ഥാനാർത്ഥികളായത് എൽ.ഡി.എഫിന് ആഘാതമായി.

സി.പി.എമ്മിൽ നിന്ന് രണ്ടും സി.പി.ഐയിൽ നിന്ന് ഒരാളുമാണ് പാർട്ടി വിട്ട് എൻ.ഡി.എയിൽ ചേർന്നത്. ഇടത് പാർട്ടികളിൽ നിന്നു എൻ.ഡി.എയിലേക്ക് ആരും പോകില്ലെന്ന് നേതാക്കൾ ആവർത്തിച്ച് പറയുന്നതിനിടെയാണ് ജനകീയരായ നേതാക്കൾ പാർട്ടി വിട്ടത്.രണ്ടുപേർ ബി.ഡി.ജെ.എസിലും ഒരാൾ ബി.ജെ.പിയിലുമാണ് ചേർന്നത്. ആദ്യം സി.പി.എം നേതാവ് അഡ്വ. പി.എസ്.ജ്യോതിസും പിന്നീട് ഡി.വൈ.എഫ്.ഐ നേതാവ് കെ.സഞ്ജുവും സി.പി.എമ്മിൽ നിന്ന് രാജിവച്ചു. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് സി.പി.ഐയിൽ നിന്ന് തമ്പിമേട്ടുതറ രാജിവെച്ചത്.

സി.പി.എം ചേർത്തല മരുത്തോർവട്ടം ലോക്കൽ കമ്മറ്റിയംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് പി.എസ്.ജ്യോതിസ്. 25 വർഷമായി പഞ്ചായത്ത് അംഗമായിരുന്ന പി.എസ്.ജ്യോതിസ് ബി.ഡി.ജെ.എസിലും മാവേലിക്കരയിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറിയും സി.പി.എം ചുനക്കര ലോക്കൽ കമ്മിറ്റിയംഗവുമായ കെ.സഞ്ജു ബി.ജെ.പിയിലും ചേർന്നു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ തമ്പി മേട്ടുതറ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് രാജിക്കത്ത് നൽകിയത്. ജ്യോതിസ് ചേർത്തലയിലും തമ്പിമേട്ടുതറ കുട്ടനാട്ടിലും ബി.ഡി.ജെ.എസ് പിന്തുണയോടെ എൻ.ഡി.എ സ്ഥാനാർത്ഥികളാവും. കെ.സഞ്ജു മാവേലിക്കരയിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും.