svev
കേറ്ററിംഗ് പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രി എസ്.വി.ഇ.വി. സംരംഭകർ

പൂച്ചാക്കൽ: ഗ്രാമീണ വനിതകളിൽ സംരംഭകത്വ പരിശീലനവും ഫണ്ടും നൽകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സ്റ്റാർട്ട് അപ് വില്ലേജ് എന്റർപ്രണർ പ്രോഗ്രാമിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യത്തിലേക്ക്. പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശേരി, പെരുമ്പളം, അരൂക്കുറ്റി എന്നീ അഞ്ചു പഞ്ചായത്തുകളിൽ ആയിരത്തി ഒരുന്നൂറ് യൂണിറ്റുകൾ തുടങ്ങുകയെന്ന ലക്ഷ്യം മാർച്ച് അവസാന വാരം പൂർത്തിയാകുമെന്ന് പ്രോഗ്രാം മെന്റർ മിനി പറഞ്ഞു.

ജില്ലയിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലാണ് എസ്.വി.ഇ.പി നടപ്പിലാക്കുന്നത്. വ്യാപാര, വ്യവസായ ആശയങ്ങളുമായി മുന്നോട്ടു വരുന്നവർക്ക് ആവശ്യമുള്ള നിർദ്ദേശങ്ങളും പരിശീലനവും, വിപണനത്തിനുള്ള സൗകര്യവും ഒരുക്കി കൊടുക്കുകയാണ് ലക്ഷ്യം.ഇതിനായി അഞ്ചു പഞ്ചായത്തുകളിലായി ഇരുപത് കൺസർട്ടന്റുമാരെ നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലെ സി.ഡി.എസ് ചെയർപേഴ്സൺസമാരും എം.ഇ കൺവീനർമാരും ഉൾപ്പെടുന്ന പത്തംഗ ബ്ലോക്ക് നോഡൽ കമ്മിറ്റിയാണ് പ്രോഗ്രാം നിയന്ത്രിക്കുന്നത്. ഇതുവരെ ആയിരത്തിയെട്ട് യൂണിറ്റുകൾക്കായി രണ്ടര കോടിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഭക്ഷ്യ സംസ്കരണം, വസ്ത്ര നിർമ്മാണം,മത്സ്യ സംസ്കരണം, പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കറി പൗഡർ നിർമ്മാണം, ബാഗ് നിർമ്മാണം, വസ്ത്രവ്യാപാരം, ഡി.ടി.പി.സെന്ററുകൾ, ബേക്കറി, ഹോട്ടൽ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയ സംരംഭങ്ങളാണ് എസ്.വി.ഇ.പിയിലൂടെ തുടങ്ങിയത്.

ഓടമ്പള്ളി ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ പരിശീലനം പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബിനിതാ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.ആർ.രജിത, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.ജയകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ അപർണ അനിൽകുമാർ, എ.ഡി.എസ് കൺവീനർ സി.കെ.പ്രസന്നകുമാരി, മെന്റർ മിനി തുടങ്ങിയവർ പങ്കെടുത്തു.