ഹരിപ്പാട്: മുന്നണികൾ സ്ഥാനാർത്ഥികളുമായി പ്രചാരണ രംഗത്ത് സജീവമായതോടെ ഹരിപ്പാട് തിരഞ്ഞെടുപ്പ് ചൂടിലായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്നതിനാൽ സംസ്ഥാനത്തെ വി.ഐ.പി മണ്ഡലങ്ങളിൽ ഒന്നാണ് ഹരിപ്പാട്.

അഞ്ചാം തവണയാണ് ചെന്നിത്തല ഹരിപ്പാട്ട് ജനവിധി തേടുന്നത്. 2011 മുതൽ തുടർച്ചയായ മൂന്നാം തവണയും. ഇത്തവണ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ഐയിലെ അഡ്വ.ആർ.സജിലാലും, എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജി.പിയിലെ കെ.സോമനും രംഗത്തുണ്ട്. പാർട്ടി മുൻ ജില്ലാ പ്രസിഡന്റാണ് സോമൻ.

 മത്സര ചരിത്രം

1957 മുതൽ 2016 വരെ 16 തവണയാണ് ഹരിപ്പാട്ട് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 9 തവണ യു.ഡി.എഫിനും 7 തവണ എൽഡിഎഫിനും ഒപ്പമായിരുന്നു മണ്ഡലം. 2006 വരെ ഒരു മുന്നണിക്കും രണ്ടു തവണയിൽ കൂടുതൽ തുടർച്ചയായി വിജയം മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. 2006, 11,16 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയം നേടി യു.ഡി.എഫ് ചരിത്രം തിരുത്തി. 1957 നടന്ന തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായ വി.രാമകൃഷ്ണപിള്ളയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 4372 വോട്ടായിരുന്നു ഭൂരിപക്ഷം. 1960 ൽ എൻ.എസ് കൃഷ്ണപിള്ളയിലൂടെ കോൺഗ്രസ് മണ്ഡലം പിടിച്ചു. 10,309 വോട്ടുകൾക്കാണ് ഇടത് സ്വതന്ത്രനെ പരാജയപ്പെടുത്തിയത്. 1965ൽ കോൺഗ്രസിന്റെ കെ.പി രാമകൃഷ്ണൻ നായർ സിപിഎമ്മിന്റെ സി.ബി.സി വാര്യരെ 6466 വോട്ടിന് പരാജയപ്പെടുത്തി. എന്നാൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ കൂടാനായില്ല. അതിനാൽ രാമകൃഷ്ണൻ നായർക്ക് എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യാനുമായില്ല. 1967ൽ ഇതേ സ്ഥാനാർത്ഥികൾ വീണ്ടും ഏറ്റുമുട്ടിയപ്പോൾ വിജയം സി.ബി.സി വാര്യർക്കായിരുന്നു. 1120 വോട്ടുകളുടെ ഭൂരിപക്ഷം.

1970ൽ വീണ്ടും സിബിസി വാര്യർ വിജയിച്ചു. 1977ൽ പി.എസ്.പിയിലൂടെ (പ്രജ സോഷ്യലിസ്റ്റ് പാർട്ടി) യു.ഡി.എഫ് മണ്ഡലം തിരിച്ചു പിടിച്ചു. ഹാട്രിക് വിജയത്തിനായി മത്സരിച്ച സി.ബി.സി വാര്യരെ ജി.പി മംഗലത്ത് മഠം പരാജയപ്പെടുത്തി. മൂന്നു വർഷങ്ങൾക്കുശേഷം 1980ൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ മണ്ഡലം വീണ്ടും ഇടതിനൊപ്പം നിന്നു. 77ൽ ഏറ്റ പരാജയത്തിന് പരിഹാരമായി സി.ബി.സി വാര്യർ, ജി.പി മംഗലത്ത് മഠത്തെ 3409 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

1982ലാണ് രമേശ് ചെന്നിത്തല ആദ്യമായി മണ്ഡലത്തിൽ മത്സരത്തിനെത്തുന്നത്. സിപിഎം സ്ഥാനാർത്ഥി പി.ജി. തമ്പിയെ 4577 വോട്ടിന് പരാജയപ്പെടുത്തി. തുടർന്ന് അദ്ദേഹം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്നുള്ള ബഹുമതിയോടെ ഗ്രാമവികസന വകുപ്പിന്റെ ചുമതലയേറ്റു. 1987ൽ രമേശ് ചെന്നിത്തല ആർ.എസ്.പിയിലെ പ്രൊഫ.എ.വി. താമരാക്ഷനെ പരാജയപ്പെടുത്തി വിജയം ആവർത്തിച്ചു. എന്നാൽ 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനു വേണ്ടി രമേശ് ചെന്നിത്തല എം.എൽ.എ സ്ഥാനം രാജിവെച്ചു. തുടർന്ന് 1990 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ താമരാക്ഷൻ കോൺഗ്രസിലെ എം.മുരളിയെ 1176 വോട്ടുകൾക്ക് പരാജയപ്പെടുത്തിയതോടെ മണ്ഡലം ഇടതുപക്ഷം തിരികെ പിടിച്ചു. 1991ൽ കോൺഗ്രസിലെ കെ.കെ. ശ്രീനിവാസൻ എ.വി താമരാക്ഷനെ പരാജയപ്പെടുത്തി. 525 ആയിരുന്നു ഭൂരിപക്ഷം. 1996 ൽ താമരാക്ഷനിലൂടെ തന്നെ മണ്ഡലം ഇടതുപക്ഷം തിരികെ പിടിച്ചു. 2001ൽ ആർ.എസ്.പി ബി യു.ഡി.എഫിൽ എത്തിയതോടെ ഹരിപ്പാട് നാലുതവണ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച താമരാക്ഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി. സി.പി.എമ്മിലെ ടി.കെ. ദേവകുമാറിനോട് 4187 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2006 ൽ അഡ്വ.ബി ബാബുപ്രസാദ് ദേവകുമാറിനെ 1886 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

2011ലാണ് രമേശ് ചെന്നിത്തല വീണ്ടും ഹരിപ്പാട് മണ്ഡലത്തിൽ എത്തുന്നത്. സി.പി.ഐയുടെ ജി.കൃഷ്ണ പ്രസാദിനെ 5520 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ൽ സി.പി.ഐയുടെ പി.പ്രസാദിനെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 18,621 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

............................

ഹരിപ്പാട് നഗരസഭയും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ കാർത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, ചിങ്ങോലി, മുതുകുളം എന്നീ പത്തു പഞ്ചായത്തുകളും ചേരുന്നതാണ് ഹരിപ്പാട് മണ്ഡലം.