
ഹരിപ്പാട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കൈയിലുള്ളത് 25,000 രൂപ. ഭാര്യ അനിത രമേശിന്റെ കൈയിൽ 15,000 രൂപയുമുണ്ട്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം രേഖപ്പെടുത്തിയത്. ഡൽഹി പാർലമെന്റ് ഹൗസിലെ എസ്.ബി.ഐ ശാഖയിൽ 5.89 ലക്ഷം, തിരുവനന്തപുരം ട്രഷറി സേവിംഗ്സ് ബാങ്കിൽ 13.57 ലക്ഷം, ശാസ്തമംഗലം ധനലക്ഷ്മി ബാങ്കിൽ 42,973 രൂപ എന്നിങ്ങനെയാണ് ചെന്നിത്തലയുടെ നിക്ഷേപങ്ങൾ. ഡൽഹി ജൻപഥ് എസ്.ബി.ഐ ശാഖയിൽ 6.16 ലക്ഷം അനിതയുടെ പേരിൽ നിക്ഷേപമുണ്ട്. ഇവിടെത്തന്നെ ഭാര്യയുടെ മറ്റ് രണ്ട് അക്കൗണ്ടുകളിലായി 20.97 ലക്ഷവും 11.99 ലക്ഷവും നിക്ഷേപിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് പേരൂർക്കട ശാഖയിൽ 51,367 രൂപ, ആർ.ഡിയായി 1.32 ലക്ഷം, ആക്‌സിസ് ബാങ്കിന്റെ കവടിയാർ ശാഖയിൽ 1.96 ലക്ഷം, തൊടുപുഴ നെടുമറ്റം സർവീസ് സഹകരണ ബാങ്കിൽ 1.27 ലക്ഷം, തൊടുപുഴ ധനലക്ഷ്മി ബാങ്ക് ശാഖയിൽ 10.34 ലക്ഷം എന്നിങ്ങനെയാണ് അനിതയുടെ മറ്റ് നിക്ഷേപങ്ങൾ. മറ്റം ബാങ്കിൽ 4.07 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപവുമുണ്ട്.
ചെന്നിത്തലയ്ക്ക് വീക്ഷണം ദിനപത്രത്തിൽ 100 രൂപയുടെ 200 ഷെയറും ജയ് ഹിന്ദ് ചാനലിൽ 10 രൂപയുടെ 1000 ഷെയറുമുണ്ട്. എസ്.ബി.ഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ടായി എട്ട് ലക്ഷവും എസ്.ബി.ഐ കോർപറേറ്റ് ബോണ്ട് ഫണ്ടായി ആറ് ലക്ഷവും നിക്ഷേപമുണ്ട്. നാല് ലക്ഷം വിലമതിക്കുന്ന ഇന്നോവ കാർ ചെന്നിത്തലയുടെ പേരിലുണ്ട്. 1.68 ലക്ഷം വിലവരുന്ന 40 ഗ്രാം സ്വർണം ചെന്നിത്തലയ്‌ക്കും 60.48 ലക്ഷം വിലമതിക്കുന്ന 1440 ഗ്രാം സ്വർണം അനിതയ്‌ക്കുമുണ്ട്.
ചെന്നിത്തലയുടെ പേരിൽ 47.26 ലക്ഷത്തിന്റെയും ഭാര്യയുടെ പേരിൽ 1.61 കോടിയുടെയും സമ്പാദ്യമുണ്ട്. ചെന്നിത്തല തൃപ്പെരുന്തുറ വില്ലേജിൽ ചെന്നിത്തലയുടെ പേരിൽ 3.89 ലക്ഷത്തിന്റെ 19.46 ആർസ് ഭൂമിയും ഭാര്യയുടെ പേരിൽ 2.61 ലക്ഷത്തിന്റെ 43.57 ആർസ് ഭൂമിയുമുണ്ട്. തിരുവനന്തപുരം തൈക്കാട്ട് രണ്ട് പേരുടെയും പേരിൽ 3973 ചതുരശ്ര അടി വിസ്തീർണമുള്ള വീടുണ്ട്. ചെന്നിത്തലയുടെ ഉടമസ്ഥതയിലുള്ള വസ്തുവിനും വീടിനുമായി 76.20 ലക്ഷവും ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്കും വീടിനും 69.70 ലക്ഷവും മൂല്യമുണ്ട്. ചെന്നിത്തലയ്ക്ക് ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ശാഖയിൽ 2.04 കോടിയുടെ വായ്‌പ ബാദ്ധ്യതയുണ്ട്.
ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെടെ ഇന്നലെ 90 പത്രികകൾ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയിലെ ഹരിപ്പാട് മണ്ഡലത്തിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോട്ടയത്തെ പുതുപ്പള്ളിയിലും ഇന്നലെ പത്രിക നൽകി. ഇതുൾപ്പെടെ 90 പത്രികകളാണ് ഇന്നലെ സമർപ്പിക്കപ്പെട്ടത്.ഇതോടെ പത്രികാ സമർപ്പണത്തിന്റെ മൂന്നാം ദിവസം വരെ ലഭിച്ച മൊത്തം പത്രികകളുടെ എണ്ണം 196 ആയി.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്ടും, കെ.കെ.ശൈലജ മട്ടന്നൂരും കെ.കൃഷ്ണൻകുട്ടി പാലക്കാട്ടെ ചിറ്റൂരിലും , സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ തളിപ്പറമ്പിലും എ.എൻ.ഷംസീർ തലശേരിയിലും കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി പാലായിലും ഇന്നലെ പത്രിക നൽകിയ പ്രമുഖരാണ്. പത്രികാ സമർപ്പണത്തിന് ഇനി മൂന്ന് ദിവസമാണ് അവശേഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ കോവളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി എം.വിൻസന്റും പാറശാലയിൽ ബി.ജെ.പി.സ്ഥാനാർത്ഥി കരമന ജയനും പത്രിക നൽകി. ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തിൽ ഇന്നലെ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥി തസ്ലിം അഹമ്മദ് റഹ്മാനിപത്രിക സമർപ്പിച്ചു.