chithan

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായ ആലപ്പുഴ മണ്ഡലത്തിൽ പോരാട്ടം മുറുകുന്നു. ഒരു മുഴം മുന്നേ പ്രചാരണം ആരംഭിച്ച എൽ.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് തുടക്കമിട്ടു. രാവിലെ കയർ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് തേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജൻ ഉച്ചക്ക് ശേഷം ജില്ലാ കോടതി, ആശ്രമം, കൊമ്മാടി എന്നിവിടങ്ങളിൽ എൽ.ഡി.എഫ് മേഖലാ കൺവൻഷനുകളിൽ പങ്കെടുത്തു. ഇതിനിടെ നാമനിർദേശപത്രികാ സമർപ്പണത്തിന് എത്തിയ അമ്പലപ്പുഴ മണ്ഡ‌ലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമിന് ആശംസകൾ നേരാനും മറന്നില്ല. തുടർന്ന് ബെന്നി രക്തസാക്ഷി അനുസ്മരണം. ശേഷം വഴിച്ചേരി മാർക്കറ്റിലെ ഹെഡ്ലോഡ് തൊഴിലാളികളുടെയുെം, കെ.എസ്.എഫ്.ഇ സ്റ്റാഫിന്റെയും, ആര്യാട് റോഡ്മുക്ക് - മത്സ്യത്തൊഴിലാളി യൂണിയന്റെയും കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.

യു.ഡി..എഫ് സ്ഥാനാർത്ഥി ഡോ.കെ.എസ്.മനോജ് സെന്റ് ജോസ്ഫ്‌സ് കോളേജിൽ വോട്ട് അഭ്യർത്ഥിച്ച് എത്തി. അദ്ധ്യാപകരുമായും വിദ്യാർത്ഥികളുമായും ഏറെ നേരം രാഷ്ട്രീയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്താണ് സ്ഥാനാർത്ഥി മടങ്ങിയത്.

എൻ.ഡി.എ സ്ഥാനാർഥി സന്ദീപ് വാചസ്പതിയുടെ ഇന്നലത്തെ പര്യടനം മാരാരിക്കുളം വടക്ക് പഞ്ചായത്തിലായിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്ര ദർശനത്തിന് ശേഷം ചേന്നവേലി കടപ്പുറത്ത് എത്തി മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചു. കണിച്ചുകുളങ്ങരയിലെ വിവിധ കയർ ഫാക്ടറികൾ, പനയ്ക്കലിലെ ചെമ്മീൻ പീലിംഗ് കേന്ദ്രങ്ങൾ, വിവിധയിടങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെയും സന്ദർശിച്ചു. പിന്നീട് മാരാരിക്കുളത്തെ 'സംഹതി'യിലെത്തി ഫാദർ ആന്റണി ജേക്കബിനെ സന്ദർശിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കളെയും പൗര പ്രമുഖരേയും സന്ദർശിച്ച് വോട്ട് തേടി.