photo

ചേർത്തല: സ്ഥാനാർത്ഥി​കളുടെ പ്രചാരണത്തി​ന് സമാന്തരമായി​ പ്രത്യേക സ്ക്വാഡുകളു‌ടെ ഗൃഹ സന്ദർശനവും ആരംഭി​ച്ചതോടെ ചേർത്തലയി​ലെ പ്രചാരണം ടോപ്ഗി​യറി​ലേക്കെത്തി​. വരുംദി​നങ്ങളി​ൽ മുതിർന്ന നേതാക്കളും പ്രചാരണത്തിന് എത്തുന്നതോടെ പോരാട്ടം തീപാറുമെന്നുറപ്പായി​.

വേനൽ ചൂടിലും തളരാതെ മണ്ഡലത്തിന്റെ മുക്കും മൂലയിലും നേരിട്ടെത്തി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികളും അണികളും.

യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.ശരത് ഇന്നലെ തണ്ണീർമുക്കം വെള്ളിയാകുളത്തും ചേർത്തല നഗരത്തിലുമായി പര്യടനം നടത്തി.തൊഴിലുറപ്പു തൊഴിൽ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമായാണ് വോട്ടുതേടിയത്.മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളയിലെത്തി വികാരിയായി ചുമതലയേൽക്കുന്ന ഫാ.ആന്റോ ചെറുതുരുത്തിനെ സന്ദർശിച്ചു.ചേർത്തല തെക്ക് അരീപ്പറമ്പിലും വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തി.

മുഹമ്മയിലെ പി.പരമേശ്വരന്റെ വീട്ടിലെത്തി സ്മൃതി മണ്ഡപത്തിൽ പ്രണാമം അർപ്പിച്ചാണ് ചൊവ്വാഴ്ച എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.എസ്. ജ്യോതിസിന്റെ പര്യടനം തുടങ്ങിയത്.തുടർന്ന് കൊച്ചനാകുളങ്ങര ക്ഷേത്രത്തിലും കൊക്കോതമംഗലം കോതക്കാട്ട് ധർമ്മശാസ്താ ക്ഷേത്രത്തിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. തണ്ണീർമുക്കം വെള്ളിയാകുളത്തും സമീപ പ്രദേശങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളേയും നേരിൽ കണ്ട് വോട്ട് തേടി.ബി.ജെ.പി ചേർത്തല തെക്ക് പഞ്ചായത്ത് കമ്മ​റ്റിയുടെ ബൈക്ക് റാലിയിലും പങ്കെടുത്തു.സി.പി.ഐ വിട്ട മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറയോടൊപ്പം തിരുവിഴയിൽ നിന്ന് തുറന്ന ജീപ്പിൽ സഞ്ചരിച്ച് വിവിധ പ്രദേശങ്ങളിൽ വോട്ടുതേടി.വൈകിട്ട് നടന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിലും പങ്കെടുത്തു.
എൽ.ഡി.എഫ് സ്ഥാനാർഥി പി.പ്രസാദ് ഇന്നലെ വയലാർ, വയലാർ വെസ്​റ്റ്,പട്ടണക്കാട്,വെട്ടക്കൽ മരുത്തോർവട്ടം,കൊക്കോതമംഗലം,തണ്ണീർമുക്കം എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.പൊന്നാംവെളിയിൽ ചെമ്മീൻപീലിംഗ് ഷെഡുകളിൽ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പൊന്നാംവെളി മാർക്കറ്റിലും വോട്ട് അഭ്യർത്ഥിച്ചു. പട്ടണക്കാട് മിൽക്ക് സൊസൈ​റ്റിയിൽ നിന്നും സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുകയും കൈമാറി.എൽ.ഡി.എഫ് നേതാക്കൾക്ക് ഒപ്പമായിരുന്നു പര്യടനം.