s

മണ്ഡലങ്ങൾ ത്രികോണ മത്സരച്ചൂടിൽ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ നിരന്നതോടെ തിരഞ്ഞെടുപ്പ് കളം കൊഴുത്തു. എല്ലാ മണ്ഡലങ്ങളിലും കടുത്ത ത്രികോണമത്സരത്തിനാണ് ഇക്കുറി വേദി ഒരുങ്ങിയിട്ടിള്ളത്.

കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട് മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും പി. തിലോത്തമനും രംഗമൊഴിഞ്ഞപ്പോൾ ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ജനവിധി തേടുകയാണ്. സ്ഥാനാർത്ഥികളെ എൽ.ഡിഎഫ് മുൻകൂട്ടി പ്രഖ്യാപിച്ചതിനാൽ പ്രചാരണരംഗത്തു മുന്നണി ഒരുപടി മുന്നിലെത്തിയിട്ടുണ്ട്. ഇതു മറികടക്കാനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫും എൻ.ഡി.എയും.

എല്ലാ അർത്ഥത്തിലും ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. മുഴുവൻ സ്ഥാനാർത്ഥികളുടെയും പോസ്റ്ററുകളും ചുവരെഴുത്തുകളും നിരന്നുകഴിഞ്ഞു. നിയോജക മണ്ഡലം, പഞ്ചായത്ത്, ബൂത്തുതല കൺവൻഷനുകൾ പൂർത്തീകരിക്കാനുള്ള തിരക്കിലാണ് മുന്നണികൾ.

.....................................

നിയോജക മണ്ഡലംതല കൺവൻഷൻ 19നും പഞ്ചായത്ത് തലം 20നും ബൂത്ത് തലം 22നും പൂർത്തീകരിക്കും. യു.ഡി.എഫ് മുൻകൂട്ടി സ്ഥാനാർത്ഥികളെ തീരുമാനിച്ച അരൂർ, മാവേലിക്കര, കുട്ടനാട് മണ്ഡലങ്ങളിൽ പഞ്ചായത്ത് കൺവൻഷൻ അവസാനഘട്ടത്തിലാണ്. തുടർന്ന് കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനവും തുടരും. സ്ഥാനാർത്ഥി പര്യടനവും ദേശീയ, സംസ്ഥാന നേതാക്കളുടെ യോഗങ്ങളുമുണ്ട്. എല്ലാ സ്ഥാനാർത്ഥികളും റോഡ്ഷോ നടത്തും

(അഡ്വ. ബി.രാജശേഖരൻ, യു.ഡി.എഫ് ജില്ലാകൺവീനർ)

..............................

എൻ.ഡി.എ നിയോജക മണ്ഡലം കൺവെൻഷനുകൾ ആരംഭിച്ചു. കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിൽ പൂർത്തിയായി. ഇന്ന് ചെങ്ങന്നൂർ, ചേർത്തല, അരൂർ, 19ന് കുട്ടനാട്, 20ന് ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ കൺവൻഷൻ നടക്കും. പഞ്ചായത്ത് തലം 21നും ബൂത്ത് തലം 23നും പൂർത്തിയാകും. 21 മുതൽ 31 വരെ കുടുംബയോഗങ്ങൾ, 23 മുതൽ 25വരെ യുവജന സംഗമം, 26,27 തീയതികളിൽ മഹിളാസംഗമം, പട്ടികജാതിവിഭാഗം സെല്ലിന്റെ നേതൃസംഗമം എന്നിവ നടക്കും

(പി.കെ.വാസുദേവൻ, എൻ.ഡി.എ ജില്ലാകൺവീനർ)

നിയോജകമണ്ഡലം, പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തീകരിച്ചു. ബൂത്തുതല കൺവെൻഷൻ 20ന് പൂർത്തിയാകും. കുടുംബയോഗങ്ങൾ 20 മുതൽ 30വരെ നടക്കും. 20ന് ശേഷം സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുന്നതോടൊപ്പം ദേശീയ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കും.

(ആർ.നാസർ, ജില്ല കൺവീനർ)