
അടുത്ത ടേമിലേക്കുള്ള പുസ്തക വിതരണം തുടങ്ങി
ആലപ്പുഴ: ഇത്തവണത്തെ അദ്ധ്യയന വർഷം കൊവിഡ് അപഹരിച്ചെങ്കിലും അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണത്തിന് ജില്ലയിൽ തുടക്കമായി. ഈ മാസം അവസാനത്തോടെ ആദ്യ ടേം പുസ്തകങ്ങളുടെ വിതരണം പൂർത്തീകരിക്കും.
സ്‌കൂളുകളിൽ പാഠപുസ്തകം എത്തിക്കാനുള്ള ചുമതല ഈ വർഷം മുതൽ കുടുംബശ്രീക്കാണ്. ഓൺലൈൻ വിദ്യാഭ്യാസം മുന്നേറുന്നതിനിടെ ഒന്നാംവാള്യമാണ് വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്നത്. വിതരണം നിശ്ചിത സമയത്ത് തന്നെ പൂർത്തീകരിക്കാനാണ് കുടുംബശ്രീയെ ചുമതലപ്പെടുത്തിയത്. ആലപ്പുഴ ഗവ.ഗേൾസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ഡിപ്പോയിൽ 15 പേരടങ്ങുന്ന കുടുംബശ്രീ വനിതകളാണ് പുസ്തക വിതരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ദിവസം 750 രൂപയാണ് വേതനം. സോർട്ടിംഗ് പൂർത്തീകരിച്ച അഞ്ചാം ക്ലാസ് വരെയുള്ള പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഏഴിലെ മൂന്ന് പുസ്തകം ഇനി വരാനുണ്ട്. എട്ടിലെ ഒരു പുസ്തകം മാത്രമാണ് എത്തിയിരിക്കുന്നത്.
പ്രിന്റിംഗ് പൂർത്തീകരണം അനുസരിച്ചാണ് വിതരണം. കേരള ബുക്സ് ആൻഡ് പബ്ളിക്കേഷൻസ് സൊസൈറ്റി (കെ.ബി.പി.എസ്) നേതൃത്വത്തിലാണ് ഡിപ്പോയിൽ എത്തിക്കുന്നത്. ജില്ലയിലെ 260 സ്‌കൂൾ സൊസൈറ്റികളിൽ പുസ്തകം എത്തിക്കും. ആദ്യ ദിവസം വിതരണം ചെയ്തത് 10 ടൺ പുസ്തകങ്ങളാണ്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകൾക്ക് തികച്ചും സൗജന്യമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷാകർത്താക്കളാണ് സ്‌കൂളുകളിൽ നിന്ന് പുസ്തകങ്ങൾ കൈപ്പറ്റേണ്ടത്. ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട്,മങ്കൊമ്പ് ,വെളിയനാട് സൊസൈറ്റികളിൽ വിതരണം പൂർത്തീകരിച്ചു. നിലവിൽ 80 ടൺ പുസ്തകങ്ങൾ ജില്ലയിൽ എത്തിയിട്ടുണ്ട്.
.......................
# ആശ്വാസം നേരത്തെ
മുൻവർഷങ്ങളിൽ ക്രിസ്മസ് പരീക്ഷ അടുത്താൽ പോലും പുസ്തകങ്ങൾ കിട്ടാത്ത അവസ്ഥയായിരുന്നു.പരീക്ഷക്കാലത്തും പുസ്ക വിതരണം 'പുരോഗമി'ച്ചുകൊണ്ടിരുന്നു! പല തവണയായി പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചത് അദ്ധ്യാപകരെയും വലച്ചു. ഇത്തവണ നേരത്തെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. 771 സ്‌കൂളുകൾക്കായി 260 സൊസൈറ്റികളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതുവരെ 107 സൊസൈറ്റികളിൽ ആദ്യ ടേമിലേക്കുള്ള പുസ്തകങ്ങൾ എത്തിച്ചു. ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ, വാർഷിക പരീക്ഷ എന്നിങ്ങനെ ടേം തിരിച്ചാണ് വിതരണം. കുട്ടികകളിൽ പുസ്തകത്തിന്റെ ഭാരം കുറയ്ക്കാനാണ് ഈ ക്രമീകരണം.
..................................
# ജില്ലയ്ക്ക് വേണ്ട പാഠ പുസ്തകങ്ങളുടെ എണ്ണം: 1370000
...............................
# ഉപജില്ലകളും സൊസൈറ്റിയും
ആലപ്പുഴ......................26
അമ്പലപ്പുഴ.................15
ഹരിപ്പാട്......................22
ചേർത്തല...................37
തുറവൂർ......................27
മങ്കൊമ്പ്.....................10
വെളിയനാട്................10
തലവടി.........................17
ചെങ്ങന്നൂർ.................30
കായംകുളം..................42
മാവേലിക്കര................10
..................................
അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പുസ്തക വിതരണം തുടങ്ങി. 107 സൊസൈറ്റികളിൽ ഇതുവരെ പുസ്തകം എത്തിച്ചു. ബാക്കിയുള്ള ഇടങ്ങളിലേക്ക് സോർട്ടിംഗ് നടക്കുകയാണ്. ഉടൻ എത്തിക്കും
(ആതിര,കുടുംബശ്രീ സൂപ്പർവൈസർ)