
കൊടും ചൂടിലെ പ്രചാരണം അതികഠിനം
ആലപ്പുഴ: പലവിധ പരീക്ഷണ ഘട്ടങ്ങൾ താണ്ടിയെത്തിയ സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണം അക്ഷരാർത്ഥത്തിൽ പരീക്ഷണ കാലമായി. കൊവിഡ് വ്യാപനം ശമിക്കാത്തതും വേനൽച്ചൂടിന്റെ മൂർദ്ധന്യതയുമാണ് സ്ഥാനാർത്ഥികളെയും പ്രചാരണത്തിന് നേതൃത്വം നൽകുന്നവരെയും അണികളെയും വലയ്ക്കുന്നത്.
ഗൃഹസന്ദർശനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സ്ക്വാഡ് വർക്കിന്റെ പൊലിമ ഇത്തവണ കുറയും. സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വഴിയാണ് സ്ക്വാഡ് വർക്കിലെ പോരായ്മ പരിഹരിക്കാൻ ശ്രമിക്കുന്നത്. ഓരോ ദിവസവും ചൂട് കൂടി വരുന്നതിനാൽ സ്ഥാനാർത്ഥികൾ വാടിത്തളരുമെന്നുറപ്പ്. മിക്ക മണ്ഡലങ്ങളിലും ത്രികോണ പോരാട്ടം ഉറപ്പായതിനാൽ വേനൽചൂടിനെയോ കൊവിഡിനെയോ പേടിച്ച് അല്പം പോലും ഉഴപ്പാനാവാത്ത സ്ഥിതിയിലാണ് മുന്നണികൾ. നിർജ്ജലീകരണം, സൂര്യാഘാതം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികളാണ് പ്രചാരണ രംഗത്ത് കാത്തിരിക്കുന്നത്.
..................................................................
പ്രതിവിധികൾ
ദിവസവും എട്ടുമുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണം. ശീതളപാനീയങ്ങൾ, ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കണം
പ്രചാരണത്തിനു മുൻപുതന്നെ പ്രഭാതഭക്ഷണം കഴിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തണം
ആറു മുതൽ എട്ടുമണിക്കൂർ വരെ ഉറക്കം. ഉച്ചയ്ക്കു പതിനഞ്ചുമിനിറ്റ് ഉറങ്ങുന്നതും നല്ലതാണ്
പകൽ 11 മുതൽ മൂന്നുവരെ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം
അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക. നൈലോൺ, പോളിയസ്റ്റർ തുടങ്ങിയവ ഒഴിവാക്കണം
പ്രമേഹം, ഹൈപ്പർ ടെൻഷൻ രോഗങ്ങളുള്ളവർ കൃത്യമായി മരുന്നു കഴിക്കണം. ഇടവേളകളിൽ പരിശോധന നടത്തണം
ദിവസവും 40 മുതൽ 45 മിനിറ്റ് വരെ നടത്തം ഉൾപ്പെടെയുള്ള വ്യായാമം
പനി, ജലദോഷം എന്നിവയുണ്ടെങ്കിൽ പ്രചാരണത്തിന് ഇറങ്ങരുത്.
ചൂടിനെ പ്രതിരോധിക്കാൻ ബിയർ പോലെയുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുത്
ദിവസവും മൂന്നുതവണയെങ്കിലും ദേഹം കഴുകുക
കൊവിഡ് ചട്ടങ്ങൾ പാലിക്കുക
(വിവരങ്ങൾക്ക് കടപ്പാട്: ഡോ.ബി.പദ്‌മകുമാർ, ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ, വകുപ്പ് മേധാവി)
..........................................
കൊവിഡ് മുക്തമായെങ്കിലും ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധനൽകുന്നു. വെള്ളവും പഴവുമാണ് പ്രധാനമായി കഴിക്കുന്നത്. വെള്ളം എപ്പോഴും കൂടെ കരുതും
(ഷാനിമോൾ ഉസ്‌മാൻ, യു.ഡി.എഫ് സ്ഥാനാർത്ഥി, അരൂർ)
....................................
ദിവസേന ആറുലിറ്റർവരെ വെള്ളം കുടിക്കുന്നുണ്ട്. ധാരാളം പഴങ്ങളും കഴിക്കും. അതിരാവിലെ മുതൽ രാത്രിവരെ പ്രചാരണരംഗത്തുണ്ട്
(എച്ച്.സലാം, എൽ.ഡി.എഫ് സ്ഥാനാർത്ഥി, അമ്പലപ്പുഴ)
................................
കൊവിഡ് പ്രതിരോധരംഗത്തു പാലിച്ച മുൻകരുതലുകളാണ് പ്രാവർത്തികമാക്കുന്നത്. കൂടുതൽ സമയവും വെയിലത്തായതിനാൽ പഴങ്ങൾ ധാരാളം കഴിക്കുന്നുണ്ട്
(അഡ്വ. പി.എസ്.ജ്യോതിസ്, എൻ.ഡി.എ സ്ഥാനാർത്ഥി, ചേർത്തല)
......................