s



ആലപ്പുഴ: യു.ഡി.എഫിനെ തോൽപ്പിക്കാൻ എൽ.ഡി.എഫിനെ സഹായിക്കുന്ന നയമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും ഇടതുപക്ഷവും മോദിയും അമിത് ഷായും ചേർന്നു തയ്യാറാക്കിയ തന്ത്രമാണ് ആർ.എസ്.എസ് ദേശീയ നേതാവ് ബാലശങ്കറിലൂടെ വെളിപ്പെട്ടതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലശങ്കറിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടലുളവാക്കുന്നതാണ്. ബി.ജെ.പി- സി.പി.എം ബന്ധമെന്നത് കോൺഗ്രസും യു.ഡി.എഫും ആവർത്തിക്കുന്ന സത്യമാണെന്ന് ബാലശങ്കറിലൂടെ തെളിഞ്ഞു. കേന്ദ്രവും കേരളവും ഒരു നാണയത്തിന്റെ രണ്ട് വശമായാണ് പ്രവർത്തിക്കുന്നത്. പബ്ളിക് റിലേഷൻസിനെ വച്ചു സർക്കാർ നടത്തുന്ന പരസ്യ വ്യായാമം കൊണ്ട് ഇടതു സർക്കാർ ഇനിയും അധികാരത്തിൽ വരില്ല. ഊതി വീർപ്പിക്കുന്ന പരസ്യങ്ങൾ ജനത്തിനറിയാം. വാളയാറിലെ ഒരു വീട്ടമ്മയുടെ വിലാപമൊന്നും ഈ പരസ്യത്തിൽ കാണാനില്ല. സി.പി.എമ്മിന്റെ കത്തിക്കിരയായ ശരത്തിന്റെയും കൃപേഷിന്റെയും അമ്മമാരുടെ വിലാപം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ.സി പറഞ്ഞു. എ.എ.റസാഖ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ, ജില്ലാ കൺവീനർ അഡ്വ. രാജശേഖരൻ, അഡ്വ. ദീപ്തി മേരി വർഗീസ്, എം.ജെ.ജോബ്, മോളി ജേക്കബ്, എ.എം.നസീർ, എച്ച്.ബഷീർകുട്ടി, കമാൽ എം.മാക്കിയിൽ, അബ്ദുൽ സലീംലബ്ബ, നജ്മൽബാബു, ബഷീർതട്ടാപറമ്പിൽ, ബാബുഷരീഫ്, എ.എം.നൗഫൽ, തോമസ് ചുള്ളിക്കൽ, ബേബി പാറക്കാടൻ, ബിന്ദു ബൈജു, ജി.മുകുന്ദൻ പിള്ള, എ.കെ.ബേബി, പി.ജെ.മാത്യു, പി.നാരായണൻ കുട്ടി, സഞ്ജീവ് ഭട്ട് തുടങ്ങിയവർ സംസാരിച്ചു.