പൂച്ചാക്കൽ: അരൂർ നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ പ്രചാരണം സജീവമായി. കുടുംബയോഗങ്ങളിലും തൊഴിൽ ശാലകളിലും കേന്ദ്രീകരിച്ചുള്ള വോട്ടു തേടലാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ദെലിമ ജോജോ ഇന്നലെ അരൂക്കുറ്റിയിലെ മത്സ്യ സംസ്കരണശാലകളിലും കുടുംബയോഗങ്ങളിലും പ്രചാരണത്തിനിറങ്ങി. എൻ.ഡി.എ സ്ഥാനാർത്ഥി ടി. അനിയപ്പൻ തൈക്കാട്ടുശേരി മരോട്ടിക്കൽ ഭാഗത്തെ കയർ കമ്പനികളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് വോട്ടു തേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ, തുറവൂർ കുത്തിയതോട് ഭാഗങ്ങളിലാണ് പ്രചാരണത്തിനിറങ്ങിയത്. യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷൻ ഇന്നലെ വൈകിട്ട് തുറവൂർ പാട്ടുകുളങ്ങരയിൽ നടന്നു. എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ.വി.തോമസ് മുഖ്യപ്രസംഗം നടത്തി.