മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷങ്ങളുടെ സമാപനം കുറിച്ച് ഇന്നലെ അശ്വതി ഉത്സവം നടന്നു. നാളെ സർവാഭരണ വിഭൂഷിതയായി ദേവിയുടെ കാർത്തിക ദർശനത്തോടെ ഓണാട്ടുകരക്ക് പുതുവർഷാരംഭമാണ്. ചെട്ടികുളങ്ങര ഭഗവതി അമ്മയായ കൊടുങ്ങല്ലൂർ ഭഗവതിയുടെ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന നാളെ രാവിലെ പത്തര മുതൽ വൈകിട്ട് ആറ് മണി വരെയാണ് കാർത്തിക ദർശനം.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ പുലർച്ചേ ആചാരപ്രകാരം ചെട്ടികുളങ്ങരയിലേക്ക് കൊണ്ടുവരും.
വെള്ളിയാഴ്ച പുലർച്ചേ നാലു മണിയോടെ ചെട്ടികുളങ്ങരയിൽ നിന്നും 13 കരകളിൽ നിന്നുള്ള പ്രതിനിധികൾ ഹരിപ്പാടിന് യാത്രതിരിക്കും. 12 ദിവസമായി കഠിന വ്രതത്തോടെ ദേവീ ഭജനം നടത്തുന്നവരാണിത്. ഓരോ കരയിൽ നിന്നും അഞ്ചുവീതം പ്രതിനിധികളാണുള്ളത്. അഞ്ചുമണിയോടെ ഹരിപ്പാട്ട് നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളിൽ നിന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും കരനാഥൻമാരും ചേർന്ന് ഏറ്റുവാങ്ങുന്ന തിരുവാഭരണ പേടകങ്ങളുമായി ചെട്ടികുളങ്ങരയിലേക്ക് യാത്ര തിരക്കും.
ചെട്ടികുളങ്ങര കിഴക്കേ നടയിലെ മണ്ഡപത്തിൽ നിന്നും ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾ തിരവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിക്കും. പത്തരയോടെ ദർശനം തുടങ്ങും. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇന്നലെ അശ്വതി ഉത്സവവുമായി ബന്ധപ്പെട്ട് പതിമൂന്ന് കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിൽ 13 കെട്ടുകാഴ്ചകൾ ക്ഷേത്രവളപ്പിൽ തയ്യാറാക്കി. വൈകിട്ട് ചെറുമാളിയേക്കൽ ഇറക്കിപ്പൂജ, ഈരേഴവടക്ക് കുതിരച്ചുവട്ടിൽ അൻപൊലി, മേനാമ്പളളി കരയോഗ ആസ്ഥാനത്തും കൈത തെക്കും പോളവിളക്ക് അൻപൊലി എന്നിവയ്ക്കായി ഭഗവതി എഴുന്നളളി. തുടർന്ന് തെക്കേപോളവിളക്കിനും വടക്കേ പോളവിളക്കിനും ചുവട്ടിൽ ഭഗവതിയുടെ എഴുന്നളളത്ത് നടന്നു. ക്ഷേത്രവളപ്പിലൊരുക്കിയ കെട്ടുകാഴ്ചകൾക്ക് മുന്നിൽ ദേവി എഴുന്നളളി അനുഗ്രഹ ചൊരിഞ്ഞു. തുടർന്ന് ഭഗവതിയുടെ കൊടുങ്ങല്ലൂർ യാത്ര ചോദിക്കൽ ചടങ്ങ് നടന്നു.