ചേർത്തല: വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിച്ചതിന് 2 പേർ കൂടി പിടിയിലായി. വൈക്കം വെച്ചൂർ ഇല്ലിക്കൽ ഷിജിമോൻ (42), തലയോലപ്പറമ്പ് ചരിവിൽ റഷീദ് (50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചു. കേസിൽ നേരിട്ട് പങ്കെടുത്ത പ്രതി ഷംസുദിനെ ഒളിപ്പിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ഇതോടെ പ്രതികളെ ഒളിപ്പിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം 5 ആയി.
കേസിലെപ്രധാന പ്രതി ഷംസുദിനെ ഇനിയും പിടികൂടാനായിട്ടില്ല.
കേസിൽ നേരിട്ട് പ്രതികളായ 14 പേരാണ് ഇതുവരെ പിടിയിലായത്. 25 പ്രതികളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ 24ന് രാത്രി നാഗംകുളങ്ങര കവലയിൽ എസ്.ഡി.പി.ഐ ആക്രമണത്തിലാണ് നന്ദുകൃഷ്ണ വെട്ടേറ്റ് മരിച്ചത്.