
കുട്ടനാട്ടിൽ നെല്ല് സംഭരണം പുനരാംഭിച്ചു
ആലപ്പുഴ : തൊഴിലാളി സംഘടനകളുടെ പോരിൽ കുട്ടനാട്ടിൽ മുടങ്ങിയ നെല്ല് സംഭരണം, പാടശേഖരസമിതികളുടെ ഉറച്ച നിലപാടിനെത്തുടർന്ന് പുനരാരംഭിച്ചു. ബി.എം.എസ്, സി.ഐ.ടി.യു സംഘടനകൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് നീലംപേരൂർ പഞ്ചായത്തിലെ കോഴിച്ചാൽ, കിളിയങ്കാവ് വടക്ക്, തെക്ക്, കാവാലം കൃഷിഭവനിലെ വിവിധ പാടശേഖരങ്ങളിലെ നെല്ല് സംഭരണം തടസപ്പെട്ടത്. വർഷങ്ങളായി സി.ഐ.ടി.യു നേതൃത്വത്തിലുള്ള തൊഴിലാളികൾ ജോലിചെയ്തിരുന്നിടത്ത് ബി.എം.എസ് തൊഴിലാളികൾ കൂടെ എത്തിയതാണ് കാരണം. ബി.എം.എസിനെ അനുവദിക്കില്ലെന്ന പേരിലാണ് സംഭരിച്ച നെല്ല് ചുമന്നു മാറ്റുന്നത് സി.ഐ.ടി.യു നിറുത്തി വച്ചത്.
എന്നാൽ, പാടശേഖര സമിതികളുടെ നേതൃത്വത്തിൽ കഷകർ സ്വയം നെല്ല് നീക്കത്തിന് തയ്യാറായതോടെയാണ് തൊഴിലാളി സംഘടനകൾ കടുംപിടുത്തം അവസാനിപ്പിച്ച് ഒത്തുതീർപ്പിന്റെ വഴിയിലെത്തിയത്.
ഈ പാടശേഖരങ്ങളിൽ വിളവെടുപ്പ് പൂർത്തികരിച്ചിട്ട് ഒരാഴ്ചയിലധികമായിരുന്നു. അപ്രതീക്ഷിതമായി എത്തുന്ന വേനൽ മഴ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടി. പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് മഴയിൽ മുളയ്ക്കുമെന്നതാണ് കർഷകരെ ഭീതിയിലാക്കുന്നത്.
രണ്ട് യൂണിയനുകൾക്കും
തൊഴിലെടുക്കാം
തൊഴിലാളി യൂണിയനുകളുടെ തർക്കം പരിഹരിക്കാൻ ജില്ലാ ലേബർ ഓഫീസർ ആദ്യം നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ എ.ഡി.എം ഇടപെട്ട് കളക്ടറുടെ സാന്നിദ്ധ്യത്തിൽ വീണ്ടും ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ല. ഇതിനെതുടർന്നാണ് പാടശേഖരസമിതികൾ യോഗം ചേർന്ന്, കർഷകരുടെ നേതൃത്വത്തിൽ നെല്ല് നീക്കം ചെയ്യാൻ തീരുമാനമെടുത്തത്. പിന്നീട്, കുട്ടനാട് തഹസിൽദാർ, പാഡി ഓഫീസർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസർ, കൈനടി സി.ഐ എന്നിവരുടെ നേതൃത്വത്തിൽ പാടശേഖരസമിതി ഭാരവാഹികളെയും യൂണിയൻ നേതാക്കളെയും പങ്കെടുപ്പിച്ച് നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. ആകെയുള്ള നെല്ലിന്റെ 65 ശതമാനം സി.ഐ.ടി.യുവിനും 35ശതമാനം ബി.എം.എസിന്റെ തൊഴിലാളികൾക്കും ചുമക്കാമെന്നതാണ് ധാരണ.
മില്ലുകാരുടെ തീവെട്ടിക്കൊള്ള
കൊടും ചൂടിലും ഈർപ്പത്തിന്റെ പേരിൽ മില്ലുടകൾ അമിതകിഴിവ് ആവശ്യപ്പെട്ടതിനെ തുടർന്ന് പലപാടശേഖരങ്ങളിലും നെല്ല് സംഭരണം തടസപ്പെട്ടിരുന്നു. കാവാലം കൃഷിഭവൻ പരിധിയിലെ കിഴുമ്പുറം പാടശേഖരത്തെ കൊയ്തെടുത്ത നെല്ലു സംഭരിക്കാതെ പാടത്ത് മൂടിയിട്ടിരിക്കുകയാണ്. ചെറിയ തോതിലുള്ള കിഴിവ് നൽകാൻ കർഷകർ തയ്യാറാണെങ്കിലും മില്ലുടമകൾ തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. എല്ലാ ദിവസവും ഉച്ചമുതലുള്ള മൂടിക്കെട്ടിയ അന്തരീക്ഷവും വൈകിട്ട് പെയ്യുന്ന നേരിയ മഴയും കാരണം കിഴിവ് എത്രയെന്ന് നോക്കാതെ കർഷകർ മില്ലുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണ്.