 കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം വ്യാപകം

ആലപ്പുഴ: ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകളിലും സ്റ്റാൻഡുകളിലും മോഷണം വ്യാപകമാവുന്നു. മോഷണ വിവരം യാത്രക്കാരൻ അറിയുമ്പോഴേക്കും അപ്രത്യക്ഷരാവുന്ന മോഷ്ടാക്കളെ മഷിയിട്ടു നോക്കിയാൽ പൊലും പൊലീസിന് കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.

തിരക്കുള്ള തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിലാണ് മോഷണം കൂടുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം നാല് യാത്രക്കാരുടെ പേഴ്‌സാണ് ജില്ലയിലെ വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പോയത്. മോഷണം വ്യാപകമാകുന്നത് സംബന്ധിച്ച് ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പിങ്ക്‌ പൊലീസും എയ്ഡ് പോസ്റ്റ് അധികൃതരും ഇടയ്ക്കിടെ കെ.എസ്.ആർ.ടി ഡിപ്പോകളിലും സമീപത്തും പട്രോളിംഗ് നടത്തുന്നുണ്ട്. സ്ത്രീകളുടെ പേഴ്‌സുകളും മാലകളുമാണ് മോഷണം പോകുന്നതിൽ കൂടുതലും. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മോഷണ സംശയം തോന്നിയ യുവാവിനെ യാത്രക്കാർ തന്നെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നതിനിടെ അയാൾ ഓടി രക്ഷപ്പെട്ടു. രാവിലെയും വൈകിട്ടുമാണ് ബസിൽ മോഷ്ടാക്കളും 'യാത്രക്കാരാ'വുന്നത്. അന്യസംസ്ഥാന യുവാക്കളും നാടോടി സ്ത്രീകളുമാണ് മോഷ്ടാക്കളിലേറെയും.

കൊവിഡിനു ശേഷം കെ.എസ്.ആർ.ടി.സി ബസുകളിൽ തിരക്കേറിയതോടെയാണ് ഇവർ സജീവമായത്. വലിയ തുകകൾ നഷ്ടപ്പെട്ടതായി പരാതി വന്നിട്ടില്ലെന്നും തിരിച്ചറിയൽ കാർഡ്, എ.ടി.എം കാർഡ്, പാൻകാർഡ് എന്നിവയും ചെറിയ തുകയും അടങ്ങിയ പഴ്‌സുകളാണ് മോഷ്ടിച്ചവയിൽ കൂടുതലുമെന്നും അധികൃതർ പറഞ്ഞു.

..........

 കാഴ്ചയിൽ മാന്യത

പി.എസ്.സി പരീക്ഷ നടന്ന കഴിഞ്ഞ 13ന് നിരവധി മോഷണ പരാതികളാണ് വിവിധ ഡിപ്പോകളിൽ ലഭിച്ചത്. നാടോടി സ്ത്രീകൾ ജോലിക്ക് പോകുന്ന സ്ത്രീകളെപ്പോലെ വസ്ത്രധാരണം നടത്തി എത്തുന്നതിനാൽ പെട്ടന്ന് തിരിച്ചറിയാനും കഴിയില്ല. പുരുഷൻമാർ മോഷണത്തിന് ഇരയാവുന്നത് വിരളമാണ്.

...............................

തിരക്കുള്ള ദിവസങ്ങളിൽ വിവിധ ഡിപ്പോകളിൽ മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ത്രീകളുടെ പഴ്സാണ് കൂടുതലായും മോഷ്ടിക്കപ്പെടുന്നത്. പൊലീസിന് പരാതി നൽകിയിട്ടുണ്ട്

(അശോക് കുമാർ, ഡി.ടി.ഒ)

................................

കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു. നാടോടി സ്ത്രീകളാണ് ഇതിന് പിന്നിൽ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ പട്രോളിംഗ് ശക്തമാക്കി. തിരക്കിനിടയിലും യാത്രക്കാർക്ക് ശ്രദ്ധവേണം

(പൊലീസ് അധികൃതർ)