thomas-isac

ആലപ്പുഴ: ഉദ്യോഗസ്ഥരെ വേട്ടയാടേണ്ടെന്നും കിഫ്ബിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എക്സിക്യുട്ടീവ് ചെയർമാനായ തന്നെ അറസ്റ്റ് ചെയ്യാൻ വല്ലുവിളിക്കുകയാണെന്നും മന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അന്വേഷണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ്. ഈ ഭീഷണിക്ക് വഴങ്ങില്ല. അറസ്റ്റു നടന്നാൽ അതു പുതിയ തിരഞ്ഞടുപ്പു വിഷയമാകും. വിഷയം രാഷ്ട്രീയമായതിനാൽ ഞാൻ നടത്തുന്നത് രാഷ്ട്രീയ വെല്ലുവിളി തന്നെയാണ്. തരക്കാരോടു കളിക്കണം. മാദ്ധ്യമങ്ങൾ വഴിയാണ് ഇ.ഡി ഇപ്പോൾ പ്രവർത്തിക്കുന്നത്. കാര്യങ്ങൾ ആദ്യം മാദ്ധ്യമങ്ങൾക്കു നല്കും. പിന്നീടാണ് ബന്ധപ്പെട്ടവരെ അറിയിക്കുന്നത്. കിഫ്ബിയിലെ ഒരുദ്യോഗസ്ഥനും ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല. മോദിയുടെ ഉപകരണങ്ങളായി ഇ.ഡിയും കസ്റ്റംസും സി.ബി.ഐയും മാറി.

കിഫ്ബിയെ ഇ.ഡി വേട്ടയാടുമ്പോൾ ഇതേ മോഡലിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനെ സി.ബി.ഐ അടക്കമുള്ളവയുടെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കി. രൂപീകരിക്കുന്ന ധനകാര്യ സ്ഥാപനം ഇപ്പോൾ പൊതുമേഖലയിലാണെങ്കിലും മൂന്നുവർഷത്തിനുള്ളിൽ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രധനമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്.

ഭാവിയിൽ ബാദ്ധ്യത അടച്ചുതീർക്കാൻ കഴിയുന്ന പ്രോജക്ടുകൾ മാത്രമേ കിഫ്ബി ഏറ്റെടുക്കുന്നുള്ളൂ. കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഹരി മൂലധനമായി 20,000 കോടി രൂപ നൽകുന്നുണ്ടെങ്കിലും എല്ലാവർഷവും ഗ്രാന്റ് നൽകാൻ വ്യവസ്ഥയില്ല. വായ്പയെടുത്തു മുതൽമുടക്കുന്ന പദ്ധതികളിൽ നിന്നുള്ള വരുമാനം കൊണ്ട് തിരിച്ചടവ് നടത്തേണ്ടിവരും. ജനങ്ങളുടെ മേൽ ഭീമമായ ഭാരം അടിച്ചേൽപ്പിക്കുക, സ്വകാര്യവത്കരിക്കുക എന്നീ രണ്ടു മാർഗങ്ങളേ മുന്നിലുണ്ടാകുകയുള്ളൂ. കിഫ്ബി മോഡൽ സ്ഥാപനത്തിൽ സ്വകാര്യവത്കരണ അജൻഡ ഒളിപ്പിച്ചുവയ്ക്കുകയാണ് ബി.ജെ.പി സർക്കാർ. അതിനായി അഴിമതി നിരോധന നിയമം പോലും ബാധകമല്ലാതാക്കി. ഇക്കൂട്ടരാണ് കിഫ്ബിക്ക് നോട്ടീസ് നല്കാൻ പോകുന്നത്.

കിഫ്ബിയെ ഉടച്ചുവാർക്കുമെന്ന വി.ഡി.സതീശന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് ഉടയ്ക്കുന്നതിനു മുമ്പ് വാർക്കുന്നതെങ്ങനെയെന്ന് പറഞ്ഞാൽ കൊള്ളാമെന്നായിരുന്നു മറുപടി. യു.ഡി.എഫ് ഭരണത്തിൽ വന്നാൽ കിഫ്ബിയുടെ അന്ത്യമായിരിക്കുമെന്നും ഐസക് പറഞ്ഞു.