
ആലപ്പുഴ: ഭവന സന്ദർശനങ്ങളും കൺവെൻഷനുകളുമായി മുന്നേറുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ സാമൂഹിക അകലം ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറക്കുന്നു. സ്ഥാനാർത്ഥികളും പ്രവർത്തകരും മാസ്ക് പോലും ധരിക്കാതെ മണ്ഡലമാകെ കറങ്ങുമ്പോൾ, പൊലീസിന് മുന്നിൽ കുടുങ്ങുന്ന സാധാരണക്കാരൻ മാത്രം പിഴയടയ്ക്കുകയാണ്. മാസ്ക് ധരിക്കാത്തതിനും, സാമൂഹിക അകലം പാലിക്കാത്തതിനും, കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനും ജില്ലയിൽ ദിവസേന നൂറുകണക്കിന് ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയ പാർട്ടികളുടെ കൺവൻഷനുകളിൽ സൂചി കുത്താനിടയില്ലാത്ത വിതം പ്രവർത്തകരുടെ തിക്കും തിരക്കുമാണ്. വോട്ടർമാരെ നേരിൽ കാണാൻ ശ്രമിക്കുമ്പോഴും ഭൂരിഭാഗം സ്ഥാനാർത്ഥികളും സാമൂഹിക അകലം മറക്കും. യോഗങ്ങൾക്ക് നിശ്ചയിച്ചു നൽകിയിട്ടുള്ള മൈതാനങ്ങളിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിത എണ്ണം ആളുകളെയേ പങ്കെടുപ്പിക്കാവൂ എന്നാണ് ചട്ടം.
താടിയിലാണ് പ്രതിരോധം
മുന്നണി സ്ഥാനാർത്ഥികൾ അണികൾക്കൊപ്പം പ്രകടനമായാണ് പത്രികാ സമർപ്പണത്തിനെത്തുന്നത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ എത്തുമ്പോൾ ഫോട്ടോ എടുക്കാൻ ആൾ കൂടുന്നതോടെ ഭൂരിഭാഗം പേരുടെയും മാസ്ക്കിന്റെ സ്ഥാനം താടിയിലേക്കിറങ്ങും.
പൊതുപരിപാടികളിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കണക്കിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയോ, സാമൂഹിക അകലം ലംഘിക്കപ്പെടുകയോ ചെയ്താൽ ഭാരവാഹികൾക്കെതിരെ കർശന നടപടി സ്വീകരിക്കും - ജി.ജയ്ദേവ്, ജില്ലാ പൊലീസ് മേധാവി