കായംകുളം: കായംകുളം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവും എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയും നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി പി. പ്രദീപ് ലാൽ ഇന്ന് പത്രിക സമർപ്പിയ്ക്കും.
ഉച്ചയ്ക്ക് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസറായ മുതുകുളം ബി.ഡി.ഒ ലിജുമോൻ മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. ചലച്ചിത്ര താരം സലിം കുമാറിന്റെ സാന്നിദ്ധ്യത്തിലാണ് അരിതാ ബാബു പത്രിക നൽകിയത്. അരിതയ്ക്ക് കെട്ടിവെയ്ക്കുവാനുള്ള പണം നൽകിയതും സലിംകുമാറാണ്.
രണ്ടു സെറ്റ് നാമനിർദേശ പത്രികയാണ് നൽകിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോൺസൺ എബ്രഹാം,അഡ്വ.യു.മുഹമ്മദ് എന്നിവരാണ് നാമനിർദേശകരായി ഒപ്പിട്ടത്. കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ ചലച്ചിത്ര താരം സലിം കുമാർ കൈമാറി.
രാവിലെ തന്നെ ദേവാലയങ്ങളിൽ സന്ദർശനം നടത്തുകയും ഗുരുജനങ്ങളുടേയും സഹപ്രവർത്തകരുടെയും അനുഗ്രഹവും വാങ്ങിയിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ ആന്റണി,കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, പ്രൊഫ.ജി.ബാലചന്ദ്രൻ തുടങ്ങിയവരെ ഫോണിൽ വിളിച്ച് അരിത അനുഗ്രഹം തേടി.
യു.ഡി.എഫ് നേതാക്കളായ അഡ്വ. ത്രിവിക്രമൻ തമ്പി, അഡ്വ.ഇ. സമീർ, കെ.പി.ശ്രീകുമാർ, വേലഞ്ചിറ സുകുമാരൻ, എ.ജെ.ഷാജഹാൻ, അഡ്വ. പി.എസ്. ബാബുരാജ്, ശ്രീജിത്ത് പത്തിയൂർ തുടങ്ങിയവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.
ഉച്ചക്ക് 12 മണിയോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രക്തസാക്ഷി മണ്ഡപങ്ങളിലും സ്മൃതി മണ്ഡപങ്ങളിലും പുഷ്പാർച്ചന നടത്തിയും പ്രമുഖ വ്യക്തികളുടെ അനുഗ്രഹം വാങ്ങിയ ശേഷവു
മാണ് പത്രിക സമർപ്പണത്തിനായി പോയത്.
എസ് വാസുദേവൻ പിള്ളയുടെയും തമ്പിയുടെയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സ്വതന്ത്ര സമര സേനാനി പുതുപ്പള്ളി രാഘവൻ, കേശവൻ പോറ്റി,സി പി ഐ എം നേതാക്കഈയിരുന്ന കെ കെ ചെല്ലപ്പൻ' എംഭാസ്കരൻ ,കെ എൻ തങ്കപ്പൻ, കെ കെ കോയിക്കൽ, കെ കെ കൃഷ്ണൻകുട്ടി എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും പുഷ്പാർച്ചന നടത്തി.തുടർന്ന് എൻ.എസ് സ്മാരക മന്ദിരത്തിൽ നിന്നും നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ നേതാക്കൾക്കൊപ്പമായിരുന്നു നോമിനേഷൻ സമർപ്പിക്കാനെത്തിയത്.
എൽ.ഡി. എഫ് നേതാക്കളായ എം. എ അലിയാർ, എൻ. സുകുമാരപിള്ള, കെ.എച്ച് ബാബുജാൻ, എ മഹേന്ദ്രൻ ,എ എ റഹിം, പിഗാനകുമാർ,എൻ. ശിവദാസൻ, നഗരസഭാ ചെയർപേഴ്സൺ പി. ശശികല ,മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി .അംബുജാക്ഷി തുടങ്ങിയവരും യു പ്രതിഭയ്ക്ക് ഒപ്പമുണ്ടായിരുന്നു.
എൻ.ഡി.എ സ്ഥാനാർത്ഥി പി. പ്രദീപ് ലാൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുതുകുളം ബി.ഡി.ഒ പുൻപാകെ ഇന്ന് പത്രികനൽകും. തൊഴിലുറപ്പ് തൊഴിലാളികളാണ് കെട്ടിവെയ്ക്കുവാനുള്ള പണം നൽകുന്നത്.
ഇതിന് മുന്നോടിയായി കായംകുളത്തെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. കായംകുളം കാദീശാഓർത്തഡോക്സ് പളളിയിൽ എത്തി പള്ളി വികാരി റവ.ജോസഫ് സാമുവേലിന്റെ അനുഗ്രഹം വാങ്ങി. ബി ജെ പി സംസ്ഥാന കൗൺസിൽ അംഗങ്ങളായ പല മുറ്റത്ത് വിജയകുമാർ, പാറയിൽ രാധാകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.