s

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജില്ലയിൽ ഇന്നലെ ലഭിച്ചത് 25 നാമനിർദ്ദേശ പത്രികകൾ. ഒൻപതു മണ്ഡലങ്ങളിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണം ഇന്നലെ പൂർത്തിയായി. ഇന്നാണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. അമ്പലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫിലെ എം.ലിജു, എസ്.യു.സി.ഐ (സി)യിലെ കെ.പി.സുബൈദ എൻ.ഡി.എയിലെ അനൂപ് ആന്റണി ജോസഫ് , സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ താഹിർ എന്നിവർ പത്രിക സമർപ്പിച്ചു. ആലപ്പുഴ മണ്ഡലത്തിൽ സി.പി.എമ്മിലെ കെ.ഡി.മഹീന്ദ്രനും സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)യിലെ കെ.എ.വിനോദുമാണ് പത്രിക നൽകിയത്. ചേർത്തല മണ്ഡലത്തിൽ എൽ.ഡി.എഫിലെ പി.പ്രസാദും ബി.ഡി.ജെ.എസിലെ പി.എസ്.ജ്യോതിസും സ്വതന്ത്ര സ്ഥാനാർഥിയായി സോണിമോൻ കെ.മാത്യുവും പത്രിക സമർപ്പിച്ചു. കുട്ടനാട് മണ്ഡലത്തിൽ എസ്.യു.സി.ഐ(സി) സ്ഥാനാർത്ഥിയായി ബിജു പത്രിക നൽകി.. ഹരിപ്പാട് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയായി ആർ. സജിലാലും എ.ശോഭയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അരൂരിൽ അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പാർട്ടി ഒഫ് ഇന്ത്യ സ്ഥാനാർത്ഥിയായി പ്രമോദും സി.പി.എമ്മിലെ സാബുവും എസ്.യു.സി.ഐ(സി)യിലെ പ്രതാപനും പത്രിക സമർപ്പിച്ചു. മാവേലിക്കരയിൽ സി.പി.എമ്മിലെ അരുൺകുമാറും കോൺഗ്രസിലെ കെ.കെ.ഷാജുവും ബി.ജെ.പി യിലെ കെ. സഞ്ജുവും സ്വതന്ത്ര സ്ഥാനാർഥിയായി സീമ ഷാജുവും പത്രിക നൽകി. ചെങ്ങന്നൂരിൽ ബി.ജെ.പിയിലെ എം.വി.ഗോപകുമാർ, കായംകുളത്ത് സി.പി.എമ്മിലെ യു.പ്രതിഭ, കോൺഗ്രസിലെ അരിതാബാബു, സ്വതന്ത്ര സ്ഥാനാർഥികളായി രാജീവ് ആർ., എൻ.ഷിഹാബുദ്ദീൻ, ഗീവർഗ്ഗീസ് സാമുവൽ എന്നിവ രുമാണ് ഇന്നലെ പത്രിക നൽകിയത്.

ജേക്കബ് എബ്രഹാം ഇന്ന് പത്രിക നൽകും

കുട്ടനാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജേക്കബ് എബ്രഹാം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

സ്വത്ത് വിവരം ഇന്ന് നൽകും

ചേർത്തലയിലെ എൽ.ഡി.എഫ് സ്ഥാനപാർത്ഥി പി.പ്രസാദും ചെങ്ങന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം.വി.ഗോപകുമാറും സ്വത്ത് വിവരം ഇന്ന് വരണാധികാരികൾക്ക് കൈമാറും. ഇന്നലെ നാമനിർുേശപത്രികമാത്രമാണ് ഇരുവരും സമർപ്പിച്ചത്.