photo

ആലപ്പുഴ: തീ പോലെ പൊള്ളിക്കുന്ന പകൽ ചൂടിനിടയിലും ആലപ്പുഴ മണ്ഡലത്തിൽ മൂന്നു മുന്നണി സ്ഥാനാർത്ഥികളും നിലംതൊടാതെ പായുകയാണ്. വെയിലൊന്നു മങ്ങട്ടെയെന്ന് വെറുതെയെങ്കിലും തോന്നിയാൽ വിജയപ്രതീക്ഷയായിരിക്കും വല്ലാതെ മങ്ങുകയെന്നത് മൂവർക്കും, പിന്നെ നേതാക്കൾക്കും നല്ല ബോദ്ധ്യമുള്ള കാര്യമാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജനും യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. കെ.എസ്.മനോജും എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയും കളം നിറഞ്ഞ് മുന്നേറുകയാണ്. വോട്ടർമാരെ ഓരോരുത്തരെയും നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള പരിശ്രമത്തിലാണ് മൂവരും. മൂന്ന് മാസം മുമ്പേ ഡോ. കെ.എസ്. മനോജ് മണ്ഡലത്തിലെ പൊതു പരിപാടികളിൽ സജീവമായിരുന്നു. ആദ്യം സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയ ചിത്തരഞ്ജൻ പ്രചാരണ രംഗത്തു ഒരുപടി മുന്നിൽ നിന്നാണ് കളം കൊഴുപ്പിച്ചു തുടങ്ങിയത്. പേരു പ്രഖ്യാപിക്കപ്പെട്ടതു മുതൽ സന്ദീപ് എൻ.ഡി.എയ്ക്കായി പോരാട്ടം തുടങ്ങി. മനോജ് എം.പിയായും ചിത്തരഞ്ജൻ ആലപ്പുഴ നഗരസഭ ചെയർമാനായും സുപരിചിതരാണ്. ആലപ്പുഴയിൽ വർഷങ്ങളോളം മാദ്ധ്യമ പ്രവർത്തകനായിരുന്നു സന്ദീപ്.

 പി.പി.ചിത്തരഞ്ജൻ വളവനാട് വടക്ക് ഭവന സന്ദർശനത്തോടെയാണ് ഇന്നലെ പര്യടനം ആരംഭിച്ചത്. ശാസ്ത്രിമുക്ക് ഹാർബർ സന്ദർശനം, തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കൽ, വളവനാട് കയർ ഫാക്‌ടറി സന്ദർശനം, കലവൂർ ലെപ്രസി മാർക്കറ്റ് സന്ദർശനം, കലവൂർ ബർണാർഡ് ജംഗ്ഷനിൽ കടകൾ കയറൽ, കുളമാക്കിൽ കോളനി സന്ദർശനം എന്നിവയായിരുന്നു ഇന്നലത്തെ പ്രധാന പരിപാടികൾ. ചെത്തിയിൽ നിന്ന് തുമ്പോളിവരെ മത്സ്യത്തൊഴിലാളി ജാഥയിലും പങ്കെടുത്തു.

 ഡോ. കെ.എസ്. മനോജിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ വൻ ജന പങ്കാളിത്തമായിരുന്നു. ഇന്നലെ വിവിധ സമുദായ നേതാക്കളെയും പള്ളിഭാരവാഹികളെയും കണ്ടു. കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളോടൊപ്പമായിരുന്നു പര്യടനം. മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങളിലും വോട്ട് തേടിയിരുന്നു.

 സന്ദീപ് വാചസ്പതി ഇന്നലെ നഗരത്തിലെ ആശ്രമം മേഖലയിലയിൽ വിവിധ കയർ ഫാക്ടറി തൊഴിലാളികളെ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. വീടുകളും കാളാത്ത് ജംഗ്ഷനിലുള്ള വ്യാപാര സ്ഥാപനങ്ങളും തൊഴിലുറപ്പ് തൊഴിലാളികളെ സന്ദർശിച്ചും വോട്ടു തേടി.പ്രദേശത്തെ വിവിധ സാമുദായിക സംഘടനാ നേതാക്കളെയും പൗര പ്രമുഖരെയും സന്ദർശിച്ചിരുന്നു.