
ആലപ്പുഴ: സ്വർണ്ണക്കടത്തുൾപ്പെടെയുള്ള വമ്പൻ വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ കൊണ്ടും കൊടുത്തും നിറയവേ, തൊണ്ട വരളുന്ന കുടിവെള്ള പ്രശ്നം ചെറുതല്ലാത്ത വിഷയമാക്കിക്കൊണ്ട് വോട്ട് ബഹിഷ്കരിക്കാനൊരുങ്ങുകയാണ് അരൂർ മണ്ഡലത്തിലെ പടിഞ്ഞാറേ മനക്കോടം നിവാസികൾ. ഇവിടത്തെ ഇരുന്നൂറോളം വോട്ടർമാരാണ് ഭരണ നേതൃത്വങ്ങൾ തങ്ങളോടു കാട്ടിയ അവഗണനയ്ക്കെതിരെ തിരഞ്ഞെടുപ്പ് ദിവസം പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കുടിവെള്ളം ലഭിക്കാത്തതിനാൽ ദുരിതം അനുഭവിക്കുന്നവരിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുണ്ട്. ദാഹമകറ്റാനെങ്കിലും ശുദ്ധമായ വെള്ളം വേണമെന്ന പ്രാഥമിക ആവശ്യം നിറവേറ്റാൻ ഭരണകൂടങ്ങൾ തയ്യാറാകുന്ന നാൾ വരെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് ഇവരുടെ തീരുമാനം.
ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് തീരദേശ മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രധാന പരാതി ഇനിയും യാഥാർത്ഥ്യമാകാത്ത കടൽഭിത്തിയും പുലിമുട്ടുകളുമാണ്. വെള്ളക്കെട്ടും സഞ്ചാരയോഗ്യമല്ലാത്ത ഇട റോഡുകളും വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പ്. കായൽ മലിനീകരണം മൂലം തൊഴിൽ നഷ്ടം നേരിടുന്ന കക്കാവാരൽ തൊഴിലാളികൾ മുതൽ ചീനവല മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയതോടെ വരുമാന നഷ്ടം നേരിടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വരെ മണ്ഡലങ്ങളിലുണ്ട്.
എന്നും തലവേദനയായിട്ടുള്ള കുടിവെള്ള പ്രശ്നമാണ് ആലപ്പുഴക്കാരെ നിരാശരാക്കുന്നത്. കനാൽ നവീകരണം ഉൾപ്പെടെ കോടികൾ ചിലവഴിക്കപ്പെട്ട പദ്ധതികൾ പലതും പാതിവഴിയിൽ മുടന്തുകയാണ്. കിഫ്ബിയിൽ തുക വകയിരുത്തിയിരിക്കുന്ന വമ്പൻ പദ്ധതികൾ ഭരണമാറ്റമുണ്ടായാൽ യാഥാർത്ഥ്യമാകുമോ എന്ന ആശങ്കയും വോട്ടർമാരിലുണ്ട്.
നിരന്തരം പിന്തുടരുന്ന വെള്ളപ്പൊക്കവും, കുടിവെള്ള പ്രശ്നങ്ങളും കുട്ടനാട്ടുകാരുടെ ഒഴിയാബാധയാണ്. നെല്ല് സംഭരണം മുതൽ താങ്ങുവില വരെ നിരവധി പ്രശ്നങ്ങളാണ് ഓരോ വിളവെടുപ്പ് കാലത്തും കർഷകർ നേരിടുന്നത്. ഇനിയും യാഥാർത്ഥ്യമായിട്ടില്ലാത്ത താലൂക്കും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ ശോചനീയാവസ്ഥയുമാണ് കായംകുളം മണ്ഡലത്തിലെ വോട്ടർമാരുടെ പ്രധാന പരാതി.
................................
തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഇനിയുള്ള ദിവസങ്ങളിൽ വീട്ടുപടിക്കൽ വെള്ളമെത്തുമെന്ന് ഉറപ്പുണ്ട്. പക്ഷേ, വോട്ട് പെട്ടിയിലായിക്കഴിഞ്ഞാൽ വീണ്ടും കാര്യങ്ങൾ പഴയ പടിയാകും
മനക്കോടത്തെ വോട്ടർമാർ