s


ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിന് 46.73 ലക്ഷം രൂപയുടെ ആസ്തി. സ്വന്തമായി വീടും സ്ഥലവുമുള്ള ലിജുവിന് വാഹനമായി പഴയൊരു സ്‌കൂട്ടർ മാത്രമാണുള്ളത്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തി വിവരം രേഖപ്പെടുത്തിയത്.

കൈവശം 15,000 രൂപയും ഭാര്യയുടെ കൈവശം 10,000 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി 14,801 രൂപയുടെ നിക്ഷേപം. സി.എസ്.ബി ആലപ്പുഴ ശാഖയിൽ സംയുക്ത സംരംഭത്തിന്റെ ജോയിന്റ് അക്കൗണ്ടിൽ 15,000 രൂപ, വയലാർ രവി 80-ാം പിറന്നാൾ ആഘോഷ സംഘാടക സമിതിയുടെ കൺവീനറായുള്ള അക്കൗണ്ടിൽ 1.73 ലക്ഷം, സർവോദയ പാലിയേറ്റീവ് കെയറിന്റെ പേരിലുള്ള അക്കൗണ്ടിൽ 2.13 ലക്ഷം, ഭാര്യയുടെ പേരിൽ വിവിധ ബാങ്കുകളിലായി 26,759 രൂപ, രണ്ട് പോളിസികളുടെ മൂല്യം 2.06 ലക്ഷം, ഭാര്യയുടെ പേരിൽ 37,500 രൂപയുടെ പോസ് ഓഫീസ് നിക്ഷേപവും 17010 രൂപ മൂല്യമുള്ള പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസും, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യലിന്റെ 2.72 ലക്ഷത്തിന്റെ പോളിസിയും എന്നിങ്ങനെയാണ് മറ്റ് നിക്ഷേപ കണക്കുകൾ.

ലിജുവിന് 1.68 ലക്ഷം രൂപ മൂല്യമുള്ള സ്വർണാഭരണവും 7,000 രൂപ മതിക്കുന്ന ടൂ വീലറുമുണ്ട്. ഭാര്യയ്ക്ക് എട്ട് ലക്ഷം രൂപ മൂല്യമുള്ള സ്വർണാഭരണമുണ്ട്. ആശ്രിതർക്ക് രണ്ട് പേർക്കും 1,68,000 വീതം വിലമതിക്കുന്ന സ്വർണാഭരണങ്ങളുണ്ട്. ലിജുവിന്റെ പേരിൽ കാർത്തികപ്പള്ളി ചെറുതനയിൽ 6.25 ലക്ഷം വിലയുള്ള കാർഷിക ഭൂമിയുണ്ട്. 20 ലക്ഷം വില മതിക്കുന്ന വീടും സ്വന്തമായുണ്ട്.10.5 ലക്ഷം രൂപയുടെ ഭവനവായ്പ, ഭാര്യയുടെ പേരിൽ 9.11 ലക്ഷത്തിന്റെ സ്വർണപ്പണയ വായ്പ, കയർ ബോർഡ് സൊസൈറ്റിയിൽ രണ്ട് ലക്ഷം രൂപയുടെ വായ്പ ഉൾപ്പെടെ 21.61 ലക്ഷത്തിന്റെ ബാദ്ധ്യതയുമുണ്ട്.