കായംകുളം: നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനു വേണ്ടി നിയോജക മണ്ഡലം കൺവൻഷനിൽ ക്രൗഡ് ഫണ്ടിംഗ് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിർധന കുടുംബാംഗമായ അരിത ബാബുവിന്റെ തെരഞ്ഞെടുപ്പ് ചിലവുകൾ കണ്ടെത്തുന്നതിനായാണ് കൺവെൻഷനിൽ പങ്കെടുത്ത നേതാക്കന്മാർ ഉൾപ്പെടെയുള്ളവരിൽ നിന്നും സംഭാവന ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തല അമ്പതിനായിരം രൂപ സ്വയം പ്രഖ്യാപിച്ചപ്പോൾ, വേദിയിലുണ്ടായിരുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ ഒരു മാസത്തെ പെൻഷൻ സംഭാവനയായി നൽകി. കെ.പി.സി.സി അംഗം വേലഞ്ചിറ സുകുമാരൻ മണ്ഡലത്തി​ലെ 181 ബൂത്തുകളിലും ആയിരം രൂപ വീതം നൽകുമെന്നും അറിയിച്ചു. ഇതോടെ കോൺഗ്രസിന്റെയും ഘടക കക്ഷികളുടെയും നേതാക്കന്മാരും പ്രവർത്തകരുമടക്കമുള്ളവർ സംഭാവനകൾ നൽകി​. ആകെ അഞ്ചു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ ലഭി​ച്ചു. മണ്ഡലത്തിലുടനീളം ഈ പദ്ധതിയിലൂടെ തി​രഞ്ഞെടുപ്പ് ചെലവ് കണ്ടെത്തുവാൻ രമേശ് ചെന്നിത്തല പ്രവർത്തകരോട് ആവശ്യപ്പെട്ടു.