ചേർത്തല: പ്രാദേശിക എഴുത്തുകാർക്കായി വേദിയൊരുക്കി സർഗം സാംസ്‌കാരിക സംഘടന.കൊറോണക്ക് ശേഷം പ്രാദേശിക എഴുത്തുകാരുടെ നാലു പുസ്തകങ്ങളാണ് സർഗം പ്രകാശനം ചെയ്യുന്നത്. പ്രാദേശിക എഴുത്തുകാർക്ക് അവസരം നൽകുകയാണ് ലക്ഷ്യമെന്ന് സർഗം പ്രസിഡന്റ് ടി.വി.ഹരികുമാർ കണിച്ചുകുളങ്ങര,സെക്രട്ടറി പി.എസ്.സാബു,എൻ.ചന്ദ്രൻ നെടുമ്പ്രക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
21ന് ഉച്ചയ്ക്ക് 2ന് ചേർത്തല എൻ.എസ്.എസ് യൂണിയൻഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ്.ഹരീഷ് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. ടി.വി.ഹരികുമാർ കണിച്ചുകുളങ്ങര അദ്ധ്യക്ഷനാകും. സർഗം ഓൺലൈൻ കഥാമത്സരങ്ങളുടെ സമ്മാനദാനം കഥാകൃത്ത് ഫ്രാൻസിസ് നൊറോണ നിർവഹിക്കും. ശ്രീനാരായണ കോളേജ് മലയാള വിഭാഗം മുൻ മേധാവി പ്രൊഫ.എം.വി.കൃഷ്ണമൂർത്തി പുസ്തങ്ങൾ പരിചയപ്പെടുത്തും.