ആലപ്പുഴ : ബീച്ചിലും പരിസരത്തും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് പിരിക്കാൻ നൽകിയ കരാറിന്റെ പേരിൽ, റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്നുവന്ന പാർക്കിംഗ് ഫീസ് പിരിവിന് ക്ളിപ്പിട്ട് കനാൽ മാനേജ്മെന്റ് സൊസൈറ്റി. ഗ്രൗണ്ടിൽ കായിക വിനോദങ്ങൾക്ക് തടസമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പാർക്കിംഗ് ഫീസ് പിരിവിനുമെതിരെ നിരന്തര പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി.
ആലപ്പുഴ ബീച്ച് ഭാഗത്ത് മാത്രമാണ് പാർക്കിംഗ് ഫീസ് ഈടാക്കാൻ പോർട്ട്,നഗരസഭ,പി.ഡബ്ളു.ഡി അധികൃതർ അനുമതി നൽകിയിരുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിൽ പാർക്കിംഗ് അനുമതി ഇല്ലാത്തതാണ്. എന്നാൽ ശനി,ഞായർ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ബീച്ചിൽ തിരക്കേറുമ്പോൾ പാർക്കിംഗിന് റിക്രിയേഷൻ ഗ്രൗണ്ടാണ് ആശ്രയം. വലിയ വാഹനങ്ങളാണ് ഇവിടെ കൂടുതലായി പാർക്കിംഗിന് എത്തുന്നത്. മറ്റ് ജില്ലകളിൽ എത്തുന്ന വാഹനങ്ങൾ കഥയറിയാതെ പാർക്കിംഗ് ഫീസ് നൽകുകയും ചെയ്യും. എന്നാൽ, അധികൃതർ ചുമതലപ്പെടുത്തിയവരൊന്നുമല്ല പിരിവ് നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. ബീച്ചിൽ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ തുകയാണ് വാങ്ങുന്നതും.
വ്യാപക പരാതിയെ തുടർന്നാണ് ചട്ടങ്ങൾക്ക് വിരുദ്ധമായി 2020ൽ ഉണ്ടാക്കിയ പാർക്കിംഗ് കരാറിൽ റിക്രിയേഷൻ ഗ്രൗണ്ടിനെ ഉൾപ്പെടുത്തിയ നടപടി കനാൽ മാനേജ്മെന്റ് സൊസൈറ്റി റദ്ദാക്കിയത്. കായിക വിനോദങ്ങൾക്ക് വേണ്ടിയാണ് നഗരസഭ ഈ ഗ്രൗണ്ട് വിട്ടുനൽകുന്നത്.
ബീച്ചിലെ പാർക്കിംഗ് ഫീസ്
ഇരുചക്ര വാഹനം........₹ 25
കാർ...................................₹50
ടൂറിസ്റ്റ് ബസ്.....................₹ 85
.......
'' നഗരസഭയുടെ അധീനതയിലുള്ള റിക്രിയേഷൻ ഗ്രൗണ്ടിൽ കായിക വിനോദങ്ങൾക്ക് വിഘാതം സൃഷ്ടിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നിരവധി പരാതികളാണ് ഫുട്ബാൾ ക്ലബുകൾ അധികൃതർക്ക് നൽകിയത്. ഈ പോരാട്ടത്തിന് വിജയം കണ്ടു. റിക്രിയേഷൻ ഗ്രൗണ്ട് ഒരു മൾട്ടി പർപസ് ഗ്രൗണ്ടാക്കി കായിക താരങ്ങൾക്ക് മികച്ച പരിശീലന സൗകര്യം ഒരുക്കണം.
(ഷമീർ ഹമീദിയ,യൂത്ത് വിംഗ് ഫുട്ബാൾ ക്ലബ് ചെയർമാൻ)