
ആലപ്പുഴ: പ്രഭാത ഭക്ഷണത്തിന് ശേഷം ചെറുതന ആനാരി മീനത്തേരി വീട്ടിൽ നിന്ന് ആകാശനീല ഇന്നോവ കാറിൽ തൂവെള്ള ഖദറിന്റെ പ്രഭയോടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജു മത്സര മണ്ഡലമായ അമ്പലപ്പുഴയിലേക്ക് യാത്രതിരിച്ചപ്പോൾ സമയം രാവിലെ ഏഴു മണി.
യാത്രയ്ക്കിടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചു വിവരങ്ങൾ തിരക്കി, നിർദ്ദേശങ്ങൾ നൽകി. ഒൻപത് മണിയോടെ പുന്നപ്ര പറവൂർ ഫൊറോനാ പള്ളിയിൽ എത്തി. ഔസേഫ് പിതാവിന്റെ മരണപെരുന്നാൾ ആയിരുന്നു ഇന്നലെ. ഇതോടനുബന്ധിച്ച് പ്രാർത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. വിശ്വാസികളെ കണ്ട് അനുഗ്രഹം വാങ്ങി വോട്ട് ചോദിച്ചു. തുടർന്ന് ആലപ്പുഴ നഗരത്തിലെ രണ്ട് മരണ വീടുകളിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മടങ്ങുന്നതിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫോണിൽ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു. 11.30ന് പറവൂർ സെന്റ് ആന്റണി കുരിശടിയിൽ എത്തി. നിരവധി വിശ്വാസികൾ ഇവിടെ ഉണ്ടായിരുന്നു.അവർക്കൊപ്പം ഉച്ചഭക്ഷണം.
ഇറങ്ങാൻ തുടങ്ങുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫോൺകാൾ. അത്ര ഹ്രസ്വവും ദീർഘവുമല്ലാത്ത സംഭാഷണം. ചികിത്സയെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന കാക്കാഴം മുസ്ളീം ജമാഅത്ത് പള്ളി പ്രസിഡന്റ് അഡ്വ. എ.നിസാമുദ്ദീന്റെ വീട്ടിലേക്കായിരുന്നു യാത്ര. അല്പ സമയം അവിടെ ചിലവഴിച്ചു. തുടർന്ന് വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞ മുസ്ളീം ജമാഅത്ത് പള്ളിയിൽ നിന്ന് പുറത്തിറങ്ങിയ മുഴുവൻ പേരോടും വോട്ട് അഭ്യർത്ഥിച്ചു. ഈ സമയം എത്തിയ എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ ഷാൾ അണിയിച്ച് ലിജുവിന് വിജയാശംസകൾ നേർന്നു. തുടർന്ന് നീർക്കുന്നം ഇജാബ പള്ളിയിലും വണ്ടാനം പടിഞ്ഞാറ് മുസ്ളീം ജമാ അത്ത് പള്ളിയിലും വിശ്വാസികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
മൂന്ന് മണിയോടെ ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് എത്തിയ ലിജു മെത്രാൻ മാർ ജോസഫ് പെരുന്തോട്ടം തിരുമേനിയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം പുറക്കാട് പഞ്ചായത്ത് മണ്ഡലം കൺവെൻഷൻ സ്ഥലമായ പുന്തല എസ്.എൻ.ഡി.പി ഹാളിലെത്തി. തുടർന്ന് അമ്പലപ്പുഴ ടൗൺഹാൾ, കളർകോട് കൈതവന ഹൗസിംഗ് കോളനി, പുത്തനങ്ങാടി ലീഗ് ഹൗസ് എന്നിവിടങ്ങളിൽ നടന്ന യു.ഡി.എഫ് കൺവെൻഷനുകളിൽ പങ്കെടുത്തു. പ്രദേശത്തെ പൗരപ്രമുഖരെയും വ്യാപാരികളെയും തൊഴിലാളികളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. എല്ലായിടത്തും മണ്ഡലം-ബൂത്ത് തല നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അറവുകാട് ശ്രീദേവീ ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ എത്തി വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചിരുന്നു.