ആലപ്പുഴ : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് 63കാരൻ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. പള്ളാത്തുരുത്തി പുതുവൽച്ചിറ വീട്ടിൽ വിജയൻ (63) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ പള്ളാത്തുരുത്തി എം.ആർ തോടുചിറ വീട്ടിൽ കണ്ണനെ(28) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു.

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ പുതുപ്പറമ്പ് പാലത്തിന് സമീപമായിരുന്നു സംഭവം. വിജയനും കണ്ണനും ഒരുമിച്ച് മദ്യപിക്കുകയയും ബഹളം കൂട്ടുകയും ചെയ്യുന്നത് പതിവായിരുന്നു. വ്യാഴാഴ്ച മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ തർക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ കുത്തേറ്റു വീണ വിജയനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് എത്തിയ പൊലീസ് കണ്ണനെ കൈയോടെ പിടികൂടി. വിജയന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.