ടെൻഷനടിച്ച് ബൂത്ത്തല നേതാക്കൾ
പൂച്ചാക്കൽ: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോൾ മുതൽ ഫലപ്രഖ്യാപനം വരെ വല്ലാത്ത മാനസിക പിരിമുറുക്കത്തിലാകുന്ന ഒരു കൂട്ടരുണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളിലും; ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രാദേശിക നേതാക്കളാണിവർ. ഏതെങ്കിലുമൊരു രാഷ്ട്രീയ ആശയത്തെ മനസിൽ താലോലിക്കുകയും അതിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്ന ഇവരാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പാർട്ടികളുടെ അടിത്തറ.
കഴിഞ്ഞ 34 വർഷമായി ബൂത്ത് തലത്തിലുള്ള പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നയാളാണ് എൻ.ഡി.എയ്ക്ക് വേണ്ടി രംഗത്തുള്ള തളിയാപറമ്പ് മേലൂട്ട് വീട്ടിൽ സുരേന്ദ്രനാചാരി. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആദ്യകാലങ്ങളിൽ വാർഡിൽ നാല് കുടുംബങ്ങൾ മാത്രമേ ബി.ജെ.പി അനുഭാവികളായി ഉണ്ടായിരുന്നുള്ളുവെന്ന് സുരേന്ദ്രൻ പറയുന്നു. അന്ന് കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടികളിലും പ്രവർത്തിച്ചവർ ഇന്ന് ബി.ജെ.പി.യുടെ ജില്ലാതല നേതാക്കളായി. പോസ്റ്റർ ഒട്ടിക്കാനും പാർട്ടി സമ്മേളനങ്ങളിൽ സാന്നിദ്ധ്യമാകാനും വീടുകൾതോറും സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് തേടാനും ഇപ്പോഴും ഒരു മടിയുമില്ല. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വേറിട്ടൊരു ചിന്തയിലേക്കു വന്നത് തളിയാപറമ്പിലെ വല്യാട്ട് കുടുംബവുമായുള്ള അടുപ്പം കൊണ്ടാണെന്ന് സുരേന്ദ്രൻ സാക്ഷ്യപ്പെടുത്തുന്നു.
പി.എസ്.കാർത്തികേയൻ കോൺഗ്രസ് സ്ഥാനാർത്ഥിയായ കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമാണ് പാണാവള്ളി കൈത്തറി ജംഗ്ഷനിലെ മുക്കുവശേരി വാസു. അന്ന് സ്ഥാനാർത്ഥിയുടെ ചിഹ്നവുമായി വീടുകൾ കയറി വാർഡ് തലത്തിലായിരുന്നു പ്രവർത്തനം. ഇന്ന് അത് ബൂത്ത് തലത്തിലേക്കായി. എ.കെ.ആന്റണി, വയലാർ രവി, വി.എം.സുധീരൻ തുടങ്ങിയ നേതാക്കളുമായി പരിചയമുണ്ട്. എന്നാൽ ഒരു ശുപാർശയുമായും അവരെ സമീപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം ചിലവിലാണ് പ്രചാരണം. ഗ്രൂപ്പ് യോഗങ്ങളിലൊന്നും പങ്കെടുക്കാറില്ല. പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കാൻ ഇന്നവരെ മടി കാട്ടിയിട്ടില്ല.
സ്കൂൾ പഠനകാലം മുതൽ സി.പി.എം അനുഭാവിയായ ശ്രീകണ്ഠേശ്വരം നടുവിലേക്കുറ്റ് വീട്ടിൽ സാജു ഇപ്പോഴും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. ഇപ്പോഴും ബൂത്ത് തലത്തിലാണ് പ്രവർത്തനം. ഇടതു മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പിന്നെ തിരഞ്ഞെടുപ്പു വരെ പ്രചാരണ രംഗത്ത് സജീവമാകും. ജോലിയും വീട്ടുകാര്യങ്ങളുമെല്ലാം ഇത്രയും നാളത്തേക്ക് സാജു മാറ്റിവയ്ക്കും. അധികാരസ്ഥാനങ്ങളോട് ഒരു ആഭിമുഖ്യവുമില്ല. ശ്രീനാരായണ പ്രസ്ഥാനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.