a

മാവേലിക്കര: തനി തങ്കത്തിൽ തീർത്തതിരുമുഖം, നാഗപത്തി കിരീടം, ഇളക്കത്താലി, നാഗഫണമാല, കൂട്ടത്താലി, മുല്ലമൊട്ടുമാല, പിച്ചിമൊട്ടുമാല, പാലക്കാമാല, കാശുമാല, വളകൾ, നവരത്നങ്ങൾ പതിച്ച വലംപിരിശംഖ്.... ഇങ്ങനെ സർവാഭരണ വിഭൂഷിതയായ ചെട്ടികുളങ്ങര ഭഗവതിയെ കണ്ട് തൊഴുതു ആയിരക്കണക്കിന് ഭക്തർ നിർവൃതിയടഞ്ഞു. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഈ സൗഭാഗ്യം മീനത്തിലെ കാർത്തികനാളായ ഇന്നലെയായിരുന്നു. രാവിലെ പത്തര മുതൽ വൈകിട്ട് ആറരവരെ ദർശനം നീണ്ടു. ഉച്ചവരെ കൊടുംവെയിലും വൈകട്ട് മഴയും വകവയ്ക്കാതെയായിരുന്നു ഭക്തർ അത്യപൂർവമായ ദേവീ ദർശനത്തിനായി കാത്തുനിന്നത്.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വെള്ളിയാഴ്ച രാവിലെയാണ് ചെട്ടികുളങ്ങരയിലേക്ക് കൊണ്ടുവന്നത്. പുലർച്ചെ ചെട്ടികുളങ്ങരയിൽ നിന്നും 13 കരകളിലെയും പ്രതിനിധികൾ ഹരിപ്പാടിന് പുറപ്പെട്ടു. ഓരോ കരകയിൽ നിന്നും കഠിനവ്രതം നോറ്റുവന്ന അഞ്ചു ഭക്തർ വീതമാണ് സംഘത്തിലുണ്ടായിരുന്നത്. ഹരിപ്പാട്ടെ സ്‌ട്രോംഗ് റൂമിൽ നിന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ കെ.എസ്. രവി കൈമാറിയ തിരുവാഭരണങ്ങളടങ്ങിയ നാല് പേടകങ്ങൾ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും ദേവസ്വം മാനേജരും കരനാഥന്മാരും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് ചെട്ടികുളങ്ങരയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര തുടങ്ങി. വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തജനങ്ങൾ ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി.
ചെട്ടികുളങ്ങര കിഴക്കേ നടയിലെ മണ്ഡപത്തിൽ നിന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾ തിരുവാഭരണങ്ങൾ അടങ്ങിയ പേടകം ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിച്ചു. ആഭരണങ്ങളെല്ലാം ദേവിക്ക് ചാർത്തിയശേഷം 11 മണിയോടെ ദർശനം തുടങ്ങി. അപ്പോഴേക്കും ക്ഷേത്ര സങ്കേതത്തിൽ ആയിരക്കണക്കിന് ഭക്തർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. രണ്ടു മണിക്കൂർ വരെ കാത്തുനിന്ന് ദേവീ ദർശനം നടത്തിയാണ് ഭക്തർ മടങ്ങിയത്. ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി വിജയൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷൻ പ്രസിഡന്റ് എം.കെ രാജീവ്, സെക്രട്ടറി എം.മനോജ് കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് പി.കെ റജികുമാർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സുനിൽ, കരനാഥൻമാർ എന്നിവർ ചടങ്ങുകൾക്ക് നേത്യത്വം നൽകി.