ഹരിപ്പാട്: കരുവാറ്റ കടുവൻ കുളങ്ങര ദേവീക്ഷേത്രത്തിലെ തിടപ്പള്ളിയുടെ കതകു തകർത്ത് മോഷണ ശ്രമം നടന്നു. തിടപ്പള്ളിയിൽ പാത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒരു പാത്രത്തിലുണ്ടായിരുന്ന പത്തു രൂപ മാത്രമാണ് മോഷണം പോയത്. കാണിക്ക വഞ്ചി ശ്രീകോവിലിനുള്ളിലായതിനാൽ മോഷണ ശ്രമം വിജയിച്ചില്ല. തിടപ്പള്ളിയുടെയും ഉള്ളിൽ ഉണ്ടായിരുന്ന മൂന്ന് സ്റ്റോറുകളുടെയും വാതിൽ മോഷ്ടാക്കൾ തകർത്തു. ക്ഷേത്രത്തിന് സമീപമുള്ള മങ്കുഴിയിൽ ബാബുവിന്റെ സ്റ്റേഷനറി കടയിൽ നിന്നും സാധനങ്ങൾ കവർന്നു. അല്പം അകലെയുള്ള ഷംനാദ് മൻസിലിൽ റഷീദിന്റെ തൊഴുത്തിൽ നിന്നിരുന്ന പശുക്കളേ അഴിച്ചു പറമ്പിലേക്ക് മാറ്റി കെട്ടി. തുടർന്ന് മാർക്കറ്റു ഭാഗത്തുള്ള പത്മ വള്ളി ഇല്ലത്തെ തൊഴുത്തിൽ കയറി പശുക്കളുടെ മൂക്കുകയറുകൾ പരസ്പരം ബന്ധിപ്പിച്ചു. വരിക്കോലിൽ മധുവിന്റെ വീട്ടിലെത്തി ഷാമ്പു എടുത്ത് പൈപിന്റെ ചുവട്ടിൽ നിന്ന് കുളിയും കഴിഞ്ഞാണ് മോഷ്ടാക്കൾ മടങ്ങിയത്. കടുവൻ കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള ബ്രദേഴ്സ് സ്വർണ്ണക്കടയിൽ നിന്നും കഴിഞ്ഞ മാസം 16 പവൻ കവർന്നിരുന്നു.