വെയി​ലി​ൽ ഉരുകി​ ജി​ല്ല

ആലപ്പുഴ: ഒരു വശത്ത് തി​രഞ്ഞെടുപ്പ് രംഗം ചൂട് പി​ടി​ച്ചുവരുമ്പോൾ മീനച്ചൂടി​ൽ തി​ളച്ചുമറി​യുകയാണ് ജി​ല്ല. ജില്ലയിൽ ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ വേനൽമഴ വന്നെങ്കി​ലും റെക്കാഡ് ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ ജി​ല്ലയാണ് ആലപ്പുഴ. ഏറ്റവും ഉയർന്ന താപനി​ല അനുഭവപ്പെട്ടത് കോട്ടയത്താണ്.

ജില്ലയിൽ ആലപ്പുഴ നഗരത്തിലും കുട്ടനാട്ടിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ഇന്നലെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ 36 ഡിഗ്രി ചൂട് രേഖപ്പെടുത്തി. കോട്ടയം ജില്ലയിൽ അനുഭവപ്പെട്ട ഉയർന്ന ചൂട് 38 ഡിഗ്രിയാണ്. ആലപ്പുഴയിൽ 38 ഡിഗ്രി ചൂടിൽ വരെ എത്താമെന്നാണ് മുന്നറിയിപ്പ്. രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനുമിടയിലാണ് ചൂട് തീവ്രമാകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകുന്ന സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും അധികം ചൂടേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജില്ലയിൽ ഈ സമയത്ത് പ്രചാരണം ഒഴിവാക്കിയാണ് സ്ഥാനാർത്ഥികൾ വോട്ട് തേടുന്നത്.

..........

# തുണയ്ക്കുമോ വേനൽ മഴ ?

ഈയാഴ്ച അവസാനത്തോടെ വേനൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെ അല്ലെങ്കിൽ കടുത്ത വേനലും ജലക്ഷാമവും ഇക്കുറിയും വലിയ ഭീഷണി ഉയർത്തും. നിലവിൽ ചൂട് കൂടിയതിനാൽ പല സ്ഥലങ്ങളിലും തീപിടി​ത്തം പതി​വാകുന്നു. ഇന്നലെ 0.2 മി.മി മഴയാണ് കാലാവസ്ഥാ നിരീക്ഷകർ രേഖപ്പെടുത്തിയത്. ചൂട് ദിനം പ്രതി ഉയരുന്നതിനാൽ ദുരന്തനിവാരണ അതോറിട്ടിയും ആരോഗ്യപ്രവർത്തകരും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള വരവാണ് ചൂട് കൂടാൻ പ്രധാന കാരണം. നാളെയാണ് സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു മുകളിലെത്തുന്നത്. അവിടെ നിന്നു വടക്കോട്ടു സഞ്ചരിച്ച് ഏപ്രിൽ പകുതിയോടെ കേരളത്തിനു മുകളിലെത്തുന്നതോടെ ചൂടുകൂടുന്ന അവസ്ഥയുണ്ടാകും. പൊതുവേ പകൽ ചൂടേറും, രാത്രി​ തണുപ്പ് കൂടും എന്നതാണ് രീതി​.

......

വേനലി​ൽ ശ്രദ്ധി​ക്കാൻ...

 രാവി​ലെ 11 മുതൽ 3വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്
 യാത്രയിൽ വെള്ളം കരുതുക.
 ദാഹമില്ലെങ്കിലും വെള്ളം കുടിക്കാം
 മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക.
 ലെസി, മോരുംവെള്ളം, നാരങ്ങാ വെള്ളം, ഒ.ആർ.എസ് എന്നി​വ കുടിക്കാം.
 തൊഴിൽ സമയം പുനഃക്രമീകരിക്കുക
 കന്നുകാലികൾക്കും മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

...................

38

ആലപ്പുഴയിൽ 38 ഡിഗ്രി വരെ ചൂട്

എത്താമെന്നാണ് മുന്നറിയിപ്പ്

36

ഇന്നലെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ

രേഖപ്പെടുത്തിയത് 36 ഡിഗ്രി ചൂട്