ഷട്ടറുകളുടെ നവീകരണവും
വൈദ്യുതീകരണവും തലവേദനയാകുന്നു
#കരാർ എടുത്ത ഏജൻസിയെ ഇറിഗേഷൻ വകുപ്പ് ഒഴിവാക്കി
ആലപ്പുഴ: ഒൻപതുമാസം പിന്നിട്ടിട്ടും തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകളുടെ നവീകരണം ആരംഭിക്കാതെ കരാർ ഏജൻസി.
ഏജൻസിയെ തുരത്തി ഇറിഗേഷൻ വകുപ്പ്. കുട്ടനാട്ടിലെ കൃഷിയുടെ നിലനിൽപിന് ആധാരമായ തോട്ടപ്പള്ളി ഷട്ടറുകളുടെ പ്രവർത്തനത്തെച്ചൊല്ലിയുള്ള തീരാത്ത പ്രശ്നങ്ങൾ കർഷകരുടെ നെഞ്ചിൽ തീ കോരിയിടുകയാണ്.
കാലവർഷത്തിന് മുമ്പ് ഷട്ടറുകളുടെ പ്രവർത്തനം സുഗമമാക്കിയില്ലെങ്കിൽ കുട്ടനാട്ടിലെ 30,000 ഹെക്ടർ കൃഷിയെ ബാധിക്കുമെന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
3.20കോടി രൂപയുടെ നവീകരണ പദ്ധതിയും ഒരുലക്ഷം രൂപയുടെ കേബിൽ മാറ്റൽ പദ്ധതിയുമാണ് സാങ്കേതികത്വത്തിന്റെ പേരിൽ തടസപ്പെട്ടിരിക്കുന്നത്. കരാറുകാരനെ ഒഴിവാക്കിയതിനാൽ തുടർ നടപടി പൂർത്തീകരിക്കാൻ ഡിസംബർ വരെ
കാത്തിരിക്കണം. കേബിൽ മാറ്റൽ പദ്ധതിക്ക് പണം അനുവദിക്കുന്നതിലും തടസമുണ്ട്.
കൃഷിയുടെ പുരോഗതി ലക്ഷ്യമിട്ടാണ് തോട്ടപ്പള്ളി സ്പിൽവേ വന്നത്. എന്നാൽ ഇപ്പോൾ സ്പിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തലവേദനയായി മാറിയിരിക്കുകയാണ്.
ബദൽ നിർദ്ദേശവുമായി വന്ന
ഏജൻസി ഒൗട്ട്
നീരൊഴുക്ക് നിയന്ത്രിക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിൽ ഘടിപ്പിച്ചിട്ടുള്ള ഷട്ടറുകളുടെ നവീകരണത്തിനാണ് 3.20കോടി രൂപയുടെ നവീകരണപദ്ധതി കൊണ്ടുവന്നത്. പദ്ധതി ഏറ്റെടുത്ത എറണാകുളത്തെ സ്വകാര്യ ഏജൻസി ഒൻപത് മാസം കഴിഞ്ഞിട്ടും ഒന്നും ചെയ്തില്ല. തുടർന്നാണ് ഏജൻസിയെ ഇറിഗേഷൻ വകുപ്പ് ഒഴിവാക്കിയത്.
കഴിഞ്ഞ ജനുവരി 16ന് ഏജൻസിക്ക് ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം ഒഴിവാക്കൽ നോട്ടീസ് നൽകിയിരുന്നു. ഷട്ടറുകളുടെ നവീകരണ പദ്ധതിക്ക് കരാർവ്യവസ്ഥയ്ക്ക് വിരുദ്ധമായ നിലപാടാണ് ഏജൻസി സ്വീകരിച്ചത്. ഷട്ടറുകളുടെ അറ്റകുറ്റപണിക്ക് മണൽ ബണ്ട് നിർമ്മിക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ ഏജൻസി ബദൽ നിർദ്ദേശവുമായി എത്തി. മണൽ ബണ്ടിന് പകരം സമാന്തര ഷട്ടർ നിലവിലെ ഷട്ടറിന് ഇരുവശവും സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. പുതിയ നിർദ്ദേശം പദ്ധതി നടത്തിപ്പിന് തടസമാകും. ഇത് സംബന്ധിച്ച് ചീഫ് എൻജിനിയർ വിളിച്ച് ചേർത്ത യോഗത്തിൽ കരാർ വ്യവസ്ഥ അനുസരിച്ച് നടപ്പാക്കാൻ നിർദേശിച്ചെങ്കിലും കരാറുകാരൻ പാലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സർക്കാർ അനുമതിയോടെയുള്ള ഒഴിവാക്കൽ.
# കേബിൾ മാറ്റലിന് നയാപൈസയില്ല
പാലത്തിലെ 40ഷട്ടറുകളിൽ 28ഷട്ടറുകളുടെ കേബിൾ കഴിഞ്ഞ സെപ്തംബറിൽ മോഷ്ടിക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം കളക്ടറുടെ അനുമതിയോടെ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. ഷട്ടറുകളുടെ മോട്ടോറും കൺട്രോൾ പാനലുമായി ബന്ധിപ്പിക്കുന്ന മൂന്ന് മീറ്റർ നീളത്തിലുള്ള കേബിളുകൾ മുറിച്ചി നീക്കിയത്. ആറുമാസം മുമ്പ് പാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ 12ഷട്ടറുകളുടെ കേബിൾ പൊട്ടിയിരുന്നു.
മോഷണം പോയതിന് പകരം കേബിൾ വലിക്കുന്നതിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഒരുലക്ഷം രൂപഅനുവദിക്കുന്നതിന് ഇറിഗേഷൻ ഇക്ട്രിക്കൽ വിഭാഗം സർപ്പിച്ച പദ്ധതിക്ക് അംഗീകാരം കൊടുത്തിട്ടില്ല. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ. സ്പിവേയിലെ മണൽ നീക്കം ചെയ്യാനും കാറ്റാടി മരം മുറിക്കാനും ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാമെങ്കിൽ കേബിൾ മാറ്റത്തിന് തുക അനുവദിക്കുന്നതിൽ നിയമപരമായ തടസമില്ലെന്ന് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.
#ദുരന്ത സാധ്യത
മുറിച്ച് മാറ്റിയ കേബിൾ തകരാർ പരിഹരിക്കുന്നത് വരെ ഇപ്പോൾ ഓരോഷട്ടറിലും സ്പിൽവേയിലെ മെയിൻ സ്വിച്ചിൽനിന്നു പ്രത്യേക കേബിളുകൾ വലിച്ച് ഷട്ടറുകളുടെ മോട്ടോറുകളിലെത്തിച്ചാണ് ഷട്ടറുകൾ ഉയർത്തുന്നത്. മഴക്കാലം ആകുമ്പോൾ ഒരേ സമയം ഒന്നിലധികം ഷട്ടറുകൾ ഉയർത്താൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് കുട്ടനാട്ടിൽ വലിയതോതിൽ നാശം വിതക്കും. കേബിളുകൾ വലിച്ച് ഓരോ ഷട്ടറുകളുടെ മോട്ടോറുകളിലെത്തിച്ച് ഉയർത്തുമ്പൾ മഴക്കാലത്ത് ജീവനക്കാരുടെ ജീവന് ഭീഷണിയുമാണ്.
# വേണം ബദൽ സംവിധാനം
കാലവർഷത്തിന് മുമ്പ് ഷട്ടറുകളുടെ പ്രവർത്തനം സുഗമമാക്കിയില്ലെങ്കിൽ കുട്ടനാട്ടിലെ 30,000 ഹെക്ടർ കൃഷി ഭൂമി വെള്ളത്തിൽ മുങ്ങിത്താഴുമെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. പൊഴി തുറന്നാൽ കടലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ബദൽ സംവിധാനം ഉണ്ടാക്കാനും നടപടി സ്വീകരിക്കണം. പാലത്തിൽ ഘടിപ്പിച്ചിട്ടുള്ള ഷട്ടറുകളുടെ ഇരുവശവുമുള്ള പാളിയിലൂടെ ഉപ്പുവെള്ളം കയറാതിരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം. സാധാരണ നിലയിൽ 1.5 ശതമാനത്തിന് മേൽ ഉപ്പിന്റെ അംശം ഉണ്ടായാൽ നെൽകൃഷിയെ ബാധിക്കും. ഇതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്.