
ആലപ്പുഴ: പാടവരമ്പിലൂടെ നെല്ലറയുടെ ഉള്ളിലേക്ക് കടക്കുമ്പോൾ കുട്ടനാടിന്റെ സ്പന്ദനം തിരിച്ചറിയാം. അതുപോലെയാണ് അവിടുത്തെ രാഷ്‌ട്രീയവും. വലിയ ആൾക്കൂട്ടങ്ങളൊന്നുമില്ലെങ്കിലും ചായപ്പീടികയിലും പാടത്തുമാണ് രാഷ്‌ട്രീയത്തിന്റെ ചൂടു കാറ്റ് വിശുന്നത്. കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ മണ്ണിൽ സി.പി.എമ്മിനും കോൺഗ്രസിനും ഇതുവരെ ഒരു എം.എൽ.എ ഉണ്ടായിട്ടില്ല. ഇരു മുന്നണികളിലെയും ഘടകകക്ഷികളാണ് കുട്ടനാടിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ എൻ.ഡി.എയും കരുത്തുകാട്ടിയതോടെ പതിവില്ലാതെ കുട്ടനാടൻ പോരാട്ടത്തിന് ചൂടുകൂടുന്നു.
കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ അടുത്ത കൃഷിക്കായി നിലമൊരുക്കി. മറ്റിടങ്ങളിൽ മെഷീനുകൾ കൊയ്യുന്നു. കാലം മാറിയതോടെ കർഷകത്തൊഴിലാളികളുടെ വോട്ടു തേടി സ്ഥാനാർത്ഥികൾക്ക് പാടത്തിറങ്ങേണ്ട. അവരെ കാണണമെങ്കിൽ വീട്ടിൽ ചെല്ലണം. മാറുന്ന കുട്ടനാടിന്റെ കാഴ്ചകൾക്കൊപ്പം സ്ഥാനാർത്ഥികളും പുതുമുഖങ്ങൾ.
ഇരു മുന്നണികളിലുമായി കഴിഞ്ഞ മൂന്നു തവണ തോമസ് ചാണ്ടിയായിരുന്നു കുട്ടനാടിന്റെ നായകൻ. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഹോദരനായ തോമസ് കെ. തോമസിന് സീറ്റ് കൊടുക്കാൻ ഇടതുമുന്നണി തീരുമാനിച്ചു. എന്നാൽ, പിന്നീട് ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഈ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിനായി എൻ.സി.പിയുടെ സീറ്റിൽ തോമസ് കെ.തോമസ് ഇറങ്ങി . കഴിഞ്ഞ തവണ തോമസ് ചാണ്ടിയോട് തോൽവി ഏറ്റുവാങ്ങിയ കേരള കോൺഗ്രസിലെ അഡ്വ. ജേക്കബ് എബ്രഹമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.ഐയിൽ നിന്ന് അവസാനനിമിഷം പുറത്തു വന്ന മുൻ ജില്ലാ പഞ്ചായത്തംഗം തമ്പി മേട്ടുതറയാണ് എൻ.ഡി.എയ്ക്കു വേണ്ടി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിച്ച സുഭാഷ് വാസു 33,044 വോട്ടു നേടിയത് രാഷ്‌ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരുന്നു. ഇത്തവണയും ബി.ഡി.ജെ.എസ് തന്നെയാണ് നിർണായക ഘടകം.
ചരിത്രം
1965 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ തോമസ് ജോൺ വിജയി. 1967 ൽ സ്വതന്ത്രനായി മത്സരിച്ച കെ.കെ.കെ.പിള്ള നിയമസഭയിലെത്തി. 1970 മുതൽ 77 വരെ സോഷ്യലിസ്‌റ്റ് പാർട്ടിയിലെ ഉമ്മൻതലവടി. 1977 ൽ കേരള കോൺഗ്രസിലെ ഇൗപ്പൻ കണ്ടകുടി. പിന്നീടുള്ള 26 വർഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കെ.സി. ജോസഫ് മണ്ഡലം അടക്കിവാണു. 2006 ൽ ഡി.ഐ.സി ടിക്കറ്റിൽ മത്സരിച്ച തോമസ് ചാണ്ടി മണ്ഡലം പിടിച്ചെടുത്തു. 2011ലും 20016 ലും എൻ.സി.പി ടിക്കറ്റിൽ ചാണ്ടി മണ്ഡലത്തെ ഒപ്പം ചേർത്തു.
13 പഞ്ചായത്തുകൾ
എൽ.ഡി.എഫ് ഭരണം: ചമ്പക്കുളം, കൈനകരി, കാവാലം, മുട്ടാർ, നീലംപേരൂർ,, രാമങ്കരി, തകഴി, തലവടി, വെളിയനാട്, വീയപുരം
യു.ഡി.എഫ് ഭരണം: എടത്വ, നെടുമുടി പുളിങ്കുന്ന്
വോട്ടർമാർ: 1,65,257
2016ലെ വോട്ടിംഗ് നില
തോമസ് ചാണ്ടി (എൻ.സി.പി ): 50,114
ജേക്കബ് എബ്രഹാം (കേരള കോൺഗ്രസ് ) 45,223
സുഭാഷ് വാസു (ബി.ഡി.ജെ.എസ്) 33,044