
ചെങ്ങന്നൂർ: പ്രാതലിന് പാത്രത്തിൽ ഇഡ്ഡലി വച്ച് കൊടുത്തുകൊണ്ട് ക്രിസ്റ്റിന എസ്. ചെറിയാൻ പറഞ്ഞു, '' ഭാര്യ എന്ന സ്വാർത്ഥത എനിക്കില്ല. അദ്ദേഹത്തെ ഞങ്ങൾ സമൂഹത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് ''. ശരിയാണ്, സജി ചെറിയാൻ എം.എൽ.എ പുറത്തേക്കിറങ്ങുന്നത് കാത്ത് എൽ.ഡി.എഫ് പ്രവർത്തകരുടെ വലിയ കൂട്ടം കൊഴുവല്ലൂരിലെ വീടിന് മുറ്റത്തുണ്ടായിരുന്നു.
ഇത്തവണയും ചെങ്ങന്നൂരിൽ മത്സരിക്കുന്ന സജി ചെറിയാൻ പ്രചരണത്തിരക്കിൽ മുഴുകയിരിക്കുകയാണ്. എന്നാലും വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുന്ന ഗൃഹനാഥനായി കുറച്ചുനേരമുണ്ടാകും.
''ഭർത്താവിനെ വീട്ടിൽ കിട്ടുന്നില്ലെന്നത് ശരിയാണ്. ഒരുമിച്ച് യാത്ര പോയാലും അദ്ദേഹം ഫോണിൽ പൊതുകാര്യങ്ങളുടെ തിരക്കിലായിരിക്കും. അതുകൊണ്ട് യാത്ര കഴിവതും ഒഴിവാക്കി വീട്ടിൽ ഞങ്ങൾ അടിച്ചുപൊളിക്കും. ചെങ്ങന്നൂരിൽ പരിപാടികൾ ഉളളപ്പോഴെല്ലാം ഉച്ചയ്ക്ക് വീട്ടിൽ വരും. രാവിലെയും രാത്രിയിലും പരമാവധി വീട്ടിൽ നിന്നാണ് ഭക്ഷണം. അരിയാഹാരവും ആറ്റുമീൻകറിയുമാണ് ഇഷ്ടം. മറ്റുള്ളവരുമായുള്ള വ്യക്തിബന്ധം നല്ലനിലയിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. അവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമവും അന്വേഷിക്കും. ഭർത്താവെന്ന നിലയിൽ നൂറ് ശതമാനം വിജയമാണ്. '' ക്രിസ്റ്റിന തുടർന്നു.
ഇത്തവണയും വിജയം ഉറപ്പാണെന്ന് സജി ചെറിയാന്റെ മാതാവ് റിട്ട. ഹെഡ്മിസ്ട്രസ് ശോശാമ്മയ്ക്ക് തികഞ്ഞ ആത്മവിശ്വാസം. ''അവന്റെ കഴിവുകൾ മുഴുവൻ നാട്ടുകാര്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. ഞങ്ങൾ അവനും സർക്കാരിനും ഒപ്പമുണ്ട്. ആദ്യകാലങ്ങളിൽ മകനെ രാഷ്ട്രീയത്തിൽ വിടുന്നതിൽ താൽപ്പര്യമുണ്ടായിരുന്നില്ല. ആളുകളെ സഹായിക്കാനുള്ള മനസും പൊതുപ്രവർത്തനത്തിലെ താൽപ്പര്യവും കണ്ടപ്പോൾ ഞങ്ങൾ പ്രാേത്സാഹിപ്പിച്ചു."
അസാധരണമായ ചിന്തയും നല്ല ആശയങ്ങളും കാഴ്ചപ്പാടുമുള്ളയാളാണ്, ഒരു കാര്യത്തിലും ഉഴപ്പില്ല. പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യും - ക്രിസ്റ്റിന കൂട്ടിച്ചേർത്തു.
സജി ചെറിയാന്റെ പിതാവ് പരേതനായ ടി.ടി ചെറിയാൻ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്.
ഇത്തവണ എങ്ങനെയായിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്നു ചോദിച്ചപ്പോൾ ശാേശാമ്മയ്ക്കും ക്രിസ്റ്റനയ്ക്കും ഒരേ സ്വരം, '' വിജയം നൂറ് ശതമാനം ഉറപ്പ് ''. 2018ലെ ഉപതിരഞ്ഞടുപ്പ് സമയത്ത് ഭവന സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചപ്പോൾ 'നോക്കാം' എന്ന് മടിച്ചാണ് ആളുകൾ പ്രതികരിച്ചതെന്ന് ക്രിസ്റ്റിന പറഞ്ഞു. ഇത്തവണ അങ്ങനെയല്ല. വോട്ടു ചെയ്യുമെന്ന് സ്ത്രീകൾ അടക്കമുളള വോട്ടർമാർ ഉറപ്പിച്ചു പറയുന്നു. പറഞ്ഞ കാര്യങ്ങൾ ചെയ്തയാളെന്ന നിലയിൽ ജനങ്ങൾക്ക് തന്നിൽ വിശ്വാസുമുണ്ട്. ഇത്തവണ ഭൂരിപക്ഷം വലിയ തോതിൽ വർദ്ധിക്കും.
കേട്ടുകൊണ്ടിരുന്ന സജി ചെറിയാൻ ഭക്ഷണം കഴിക്കുന്നത് നിറുത്തിപ്പറഞ്ഞു. ''ഉപതിരഞ്ഞെടുപ്പിൽ ഒന്നും ചെയ്യാതെയാണ് ഞാൻ ജയിച്ചത്. അന്നത്തെ തിരഞ്ഞെടുപ്പിൽ പറഞ്ഞത് മുഴുവൻ ചെയ്തു. പറയാത്തതും ചെയ്തു. റോഡുകളെല്ലാം നല്ലനിലയിൽ ടാർ ചെയ്തു. കുടിവെള്ള പൈപ്പ് ലൈനും എത്തിച്ചു. പ്രളയത്തിലും കൊവിഡിലും സംസ്ഥാനത്തെ ഏറ്റവും മികച്ച ദുരിതാശ്വാസ പ്രവർത്തനമായിരുന്നു ചെങ്ങന്നൂരിലേത്. 4000 രോഗികളെ ശുശ്രൂഷിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പാലിയേറ്റീവ് കെയർ സെന്റർ ചെങ്ങന്നൂരിലാണ്. മണ്ഡലത്തിൽ വിശന്നിരിക്കുന്ന ഒരാൾ പോലുമില്ല. ദിവസം 800 പേർക്ക് പൊതിച്ചോർ നൽകുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായാണ് എല്ലാം ചെയ്തിട്ടുള്ളത്. അതുകൊണ്ട് ബി.ജെ.പി, കോൺഗ്രസ് അനുഭാവികളുടെയെല്ലാം വോട്ട് ഇത്തവണ എനിക്ക് കിട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാൾ ഭൂരിപക്ഷം ഉയരുമെന്ന് തീർച്ച...''
തിരഞ്ഞെടുപ്പ് യോഗം ക്രമീകരിക്കുന്നത് സംബന്ധിച്ച പ്രവർത്തകന്റെ ഫോൺ കോളിന് മറുപടി പറഞ്ഞുകൊണ്ട് സജി ചെറിയാൻ ജനങ്ങളുടെ ഇടയിലേക്ക്...
വോട്ട് അഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ കുടുംബവും രംഗത്തുണ്ട്. ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ക്രിസ്റ്റിനയും മക്കൾ ഡോ. നിത്യയും ദൃശ്യയും ശ്രവ്യയും വോട്ട് അഭ്യർത്ഥിക്കുന്നത്. നിത്യയുടെ ഭർത്താവ് കണ്ണാട്ട് അലൻതോമസും ദൃശ്യയുടെ ഭർത്താവ് ജസ്റ്റിൻ പ്രദീപും അവരുടെ സൗഹൃദ ബന്ധങ്ങളുപയോഗിച്ച് വോട്ട് തേടുന്നു.