അമ്പലപ്പുഴ: മോദി സർക്കാരിന്റെ പല പദ്ധതികളും പേരു മാറ്റി തങ്ങളുടേതാക്കി മാറ്റുകയാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് ആൻ്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിൽ ആദ്യമായി ഫിഷറീഷ് മന്ത്രാലയം രൂപീകരിച്ചത് മോദി സർക്കാരാണ്. എന്നാൽ അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനം നടത്താൻ അനുമതി കൊടുക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്.ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പി മാത്രമാണ് തെരുവിൽ ഇറങ്ങിയത്. ഇ.ഡി അന്വേഷണം ത്വരിതപ്പെടുത്തുകയാണെന്നും എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതികളെല്ലാം ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് അമ്പലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിൽ മരിച്ച മൂന്ന് വിദ്യാർത്ഥിനികളുടെ കുടുംബങ്ങൾ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് വേദിയിൽ നിവേദനം നൽകി.നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, പി.കെ.വാസുദേവൻ, എൽ.പി.ജയചന്ദ്രൻ ,സജീവ് ലാൽ, രഞ്ജിത് ശ്രീനിവാസൻ ,കെ.പ്രദീപ്,അനീഷ് തിരുവമ്പാടി, വിനോദ് ,പരമേശ്വർ, കരുമാടി ഗോപൻ, കെ.അനിൽകുമാർ, അനിത ബാലൻ, ബാബുരാജ്, എസ് .അരുൺ തുടങ്ങിയവർ സംസാരിച്ചു.