ആലപ്പുഴ: ലോക വന ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന 'ആയിരം കുടുംബത്തിനായിരം തൈ' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകനും വനമിത്ര പുരസ്‌കാര ജേതാവുമായ എ. ഫിറോസ് അഹമ്മദ് ആലപ്പുഴയാണ് കാമ്പയിൻ നടത്തുന്നത്. ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫോറസ്റ്റ് കൺസർവേറ്റർ ഐ.സിദ്ദിഖ് സാമൂഹിക പ്രവർത്തകനായ സുധീർ മാഹിന് വൃക്ഷത്തെ നൽകി ഉദ്ഘാടനം നിർവഹിച്ചു. എ.ഫിറോസ് അഹമ്മദ്, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ.സജി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.രാജേഷ്, കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് നാസർ താജ്, മറ്റ് വനം വകുപ്പ് ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കാമ്പയിനിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നെല്ലി, മാവ്, പ്ലാവ്, കുടംപുളി, കറിനാരകം, കറിവേപ്പ്, മാംഗോസ്റ്റിൻ, റമ്പൂട്ടാൻ അടക്കമുള്ള തൈകൾ വിതരണം ചെയ്യുമെന്ന് ഫിറോസ് അഹമ്മദ് പറഞ്ഞു. ജൂൺ 21വരെ കാമ്പയിൻ തുടരും.