
ആലപ്പുഴ: സീൻ ഒന്ന്: പുലർച്ചെ വീട്ടിൽ നിന്ന് മാതാപിതാക്കളുടെ അനുഗ്രഹവും വാങ്ങി പ്രവർത്തകരുടെ അകമ്പടിയോടെ മണ്ഡലത്തിലേക്ക് ഇറങ്ങുന്ന സ്ഥാനാർത്ഥി... സീൻ രണ്ട്: കൈവീശിയും കൈ കൂപ്പിയും ആൾക്കൂട്ടത്തിലേക്ക്... സീൻ മൂന്നിൽ സ്ഥാനാർത്ഥിയെ അനുഗ്രഹിക്കുന്ന വയാധികയായ വോട്ടർ, സ്നേഹം പങ്കുവെയ്ക്കുന്ന കുട്ടികൾ...
സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രചാരണ വീഡിയോകളാണ് തിരഞ്ഞെടുപ്പ് കാലത്തേക്ക് തയ്യാറാക്കപ്പെട്ട ഗാനങ്ങളുടെ അകമ്പടിയോടെ അണിയറയിൽ ഒരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പാരഡി ഗാനങ്ങൾ തിരുകിക്കയറ്റിയാണ് വീഡിയോകൾ ഒരുക്കിയതെങ്കിൽ, ഇത്തവണ ഓരോ സ്ഥാനാർത്ഥിക്കും വേണ്ടി പ്രത്യേകം ഗാനങ്ങളുണ്ട്. പത്രികാ സമർപ്പണത്തിനു മുന്നോടിയായിത്തന്നെ പലരും വീഡിയോ പുറത്തിറക്കിയിരുന്നു. പത്രിക സമർപ്പിക്കുന്ന ദിവസവും, സമയവും സൂചിപ്പിച്ചാണ് ഇവ ചെയ്തത്. തൊട്ടുപിന്നാലെയാണ് മാസ് വീഡിയോകൾ രംഗത്തെത്തിയത്.
ഒരു കുടക്കീഴിൽ
ഗ്രാഫിക്കൽ മോഷൻ പോസ്റ്ററുകൾ മുതൽ വീഡിയോകൾ വരെ ഉൾപ്പെടുത്തി സ്ഥാനാർത്ഥികൾക്കു വേണ്ടി വിവിധ പാക്കേജുകൾ തയ്യാറാക്കുന്ന സംഘങ്ങളുണ്ട്. പ്രചാരണത്തിനുള്ള ജീപ്പ് അടക്കമുള്ള വാഹനങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളവരുമുണ്ട്. വിവിധതരം സ്റ്റിൽ ഫോട്ടോകൾ, വീഡിയോ ഷൂട്ടിംഗ്, എഡിറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, പ്രചാരണ കാമ്പയിനുകൾ, റെക്കോർഡിംഗ് മെസേജുകൾ തുടങ്ങിയവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്. പ്രൊഫഷണൽ വീഡിയോ, പോസ്റ്റർ ഗ്രാഫിക്സ് എന്നിവ മാത്രമടങ്ങുന്ന പാക്കേജ് 25,000 രൂപ മുതൽ ലഭ്യമാണ്. സകലതും ഒറ്റ കുടക്കീഴിലാകുമ്പോൾ ചെലവ് ലക്ഷങ്ങൾ മറികടക്കും.
സർവ്വത്ര വൈറൈറ്റി
നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ പത്ത് വ്യത്യസ്ത പോസ്റ്ററുകൾ വരെ തയ്യാറാക്കും. ഫേസ്ബുക്ക് കവർ ഫോട്ടോ, പ്രൈവറ്റ് പ്രൊഫൈൽ, ഇൻസ്റ്റഗ്രാം പോസ്റ്റ് സൈസ്, വാട്സാപ്പ് സ്റ്റാറ്റസ് ആക്കാവുന്ന വെർട്ടിക്കൽ ഫോട്ടോ എന്നിങ്ങനെ നീളും വ്യത്യസ്തത. ഇതിന് പുറമേ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തൽ വീഡിയോ, 30 സെക്കൻഡ് ദൈർഘ്യമുള്ള അഭ്യർത്ഥന, ചെയ്ത കാര്യങ്ങളും ചെയ്യാൻ ഉദ്ദേശിക്കുന്നവയും വ്യക്തമാക്കുന്ന പ്രകടന പത്രിക, നടത്തിയ വികസനങ്ങൾ, നാട്ടുകാരുടെ പ്രതികരണം ഉൾപ്പെടുത്തി തയ്യാറാക്കുന്ന വീഡിയോ... വേണമെങ്കിൽ പാക്കേജിന്റെ ലിസ്റ്റിൽ ഐറ്റങ്ങൾ ഇനിയും കയറ്റാം!
...................................
സമൂഹ മാദ്ധ്യമ പ്രചാരണം ട്രെൻഡായതോടെ എല്ലാ സ്ഥാനാർത്ഥികൾക്കും വീഡിയോ നിർബന്ധമാണ്. പരമാവധി മൂന്ന് മിനിട്ട് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് തയ്യാറാക്കുന്നത്
ഗബ്രിയേൽ, ഗ്രാഫിക് ഡിസൈനർ