madhyapradesh-election

ആലപ്പുഴ: 'വനസ്വർഗ'ത്തിലേക്കുള്ള ഇടുങ്ങിയ വഴികളിൽ കാഴ്ചയുടെ പൂമരം വിരിഞ്ഞു. ചക്കയും മാങ്ങയും പച്ചക്കറികളും വിളഞ്ഞു നിൽക്കുന്ന വീട്ടുമുറ്റങ്ങളും കൃഷിയിടങ്ങളും. കർഷകരും സാധാരണക്കാരും തിങ്ങി നിറഞ്ഞൊരു ഗ്രാമം.

ജനകീയ ജൈവ പച്ചക്കറി കൃഷിയുടെ ജന്മസ്ഥലമായ കഞ്ഞിക്കുഴിയിലെ ചെറിയ ഒരു പ്രദേശമാണ് വനസ്വർഗം. പേരു പോലെ സുന്ദരം. രാഷ്‌ട്രീയ പോരാട്ടത്തിന്റെ വാശിക്ക് തെല്ലും കുറവില്ലാത്തതിന്റെ പ്രതീതി ഉണർത്തി തോരണങ്ങളുടെയും കൊടികളുടെയും പെരുമഴക്കാലം. ചേർത്തല മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി സി.പി.ഐയിലെ പി. പ്രസാദ് വനസ്വർഗത്തിലേക്ക് കടന്നുവരുമ്പോൾ വരവേൽക്കാൻ അമ്മമാരുടെയും കർഷക - കയർ ഫാക്‌ടറി തൊഴിലാകളുടെയും തിരക്ക്. തുറന്ന ജീപ്പിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മഹിളാ അസോസിയേഷൻ പ്രവർത്തക അനീസിയ താലം നൽകിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. താലത്തിൽ ജൈവ പച്ചക്കറികൾക്കൊപ്പം ചെരാതിൽ കത്തിനിൽക്കുന്ന തിരിയുടെ വെളിച്ചം. നിറഞ്ഞ ചിരിയോടെ താലവുമായി വേദിയിലെത്തിയ പ്രസാദിന്റെ ചെറിയ പ്രസംഗം. 'നിങ്ങൾക്കൊപ്പം എന്നുമുണ്ടാകും. നിങ്ങളെപോലെ സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന എനിക്ക് കഷ്‌ടതകളറിയാം.എളിയ ജീവിതമാണ് എന്റേത്. അതിനാൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിയും. പി. പ്രസാദിന്റെ പേരിൽ ഒരു കുട്ടിക്ക് പോലും തലകുനിച്ച് നിൽക്കേണ്ട അവസ്ഥയുണ്ടാകില്ല'- സ്‌ഫുടതയോടെയുള്ള ആ വാക്കുകൾ ഏറ്റുപിടിച്ച് കൈയടി. സ്ഥാനാർത്ഥി മടങ്ങുമ്പോൾ കഞ്ഞിക്കുഴി പഞ്ചായത്ത് 13- ാം വാർഡ് അംഗം കമ്മലമ്മ ഒരു വരിക്കച്ചക്കയുമായി എത്തി. 'മോനേ, പഴുത്തതാണ്. ക്ഷീണം മാറാൻ ബെസ്റ്റ്'. നിറഞ്ഞ ചിരിയോടെ അതേറ്റുവാങ്ങുമ്പോൾ മുഷ്‌ടി ചുരുട്ടി കമലമ്മ ലാൽസലാം മുഴക്കി. ഇന്നലെ രാവിലെ ഉത്തരംപടിയിൽ നിന്ന് ആരംഭിച്ച പര്യടനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്‌തു. വൈകിട്ട് മരുത്തോർവട്ടം നാമക്കാട് കോളനിയിൽ പര്യടനം സമാപിച്ചു. സമാപനസമ്മേളനം ജനതാദൾ എസ് നേതാവ് ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്‌തു.

 സൂര്യഭഗവാന്റെ അനുഗ്രഹം തേടി ശരത്ത്

പട്ടണക്കാട് പാറയിൽഭാഗം ഘണ്ടാകർണക്ഷേത്രത്തിലെ ആദിത്യപൂജയിൽ അനുഗ്രഹം തേടി കൈകൂപ്പി കണ്ണടച്ച് നിൽക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എസ്. ശരത്ത്. ചേർത്തല താലൂക്കിലെ ക്ഷേത്രങ്ങളിലും വീടുകളിലും മീനം - മേടം മാസങ്ങളിൽ നടക്കുന്ന പ്രധാനചടങ്ങാണ് ആദിത്യപൂജ. വേനൽലിൽ നിന്ന് രക്ഷനേട‌ാൻ മഴയ്ക്കായി സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്നുവെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലുണ്ടായിരുന്ന നൂറുക്കണക്കിന് ഭക്തരോട് വോട്ട് തേടിയായിരുന്നു ശരത്തിന്റെ മടക്കം. പിന്നീട് തൊട്ടടുത്ത് ഇതേ വഴിപാട് നടക്കുന്ന കുന്തറ സരസന്റെ വീട്ടിലേക്കായിരുന്നു യാത്ര. വഴികാട്ടിയായി പഞ്ചായത്തംഗം ആതിരയും. വീടുകൾ സന്ദർശിച്ച് വോട്ടർമാരെ നേരിൽ കാണാനാണ് ഇന്നലെ ശരത്ത് കൂട‌ുതൽ സമയം കണ്ടെത്തിയത്.

 ബന്ധങ്ങൾ ഉറപ്പിച്ച് പി.എസ്. ജ്യോതിസ്

വയലാർ എട്ടുപുരയ്ക്കലിൽ പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കടുത്തെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.എസ്. ജ്യോതിസ് പരിചയപ്പെടാൻ തുടങ്ങിയപ്പോഴെ തൊഴിലാളികൾ പറഞ്ഞു. 'സാറിനെ ഞങ്ങൾക്കറിയാം. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റല്ലായിരുന്നോ. അവിടെ തൊഴിലാളികൾക്ക് എല്ലാ ദിവസവും തൊഴിലുറപ്പ് നൽകിയത് കേട്ടിട്ടുണ്ട്'- സന്തോഷം കൊണ്ട് ജ്യോതിസ് 75 കാരിയായ അംബുജാക്ഷിയുടെ കാലിൽ തൊട്ടു വന്ദിച്ചു. വയലാർ കാവിൽപള്ളിയിൽ സി.പി.എം വിട്ട് ബി.ജെ.പിയിലെത്തിയ പ്രവർത്തകരെ കാണാനായിരുന്നു അടുത്തയാത്ര. വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ ഓടിയെത്തിയ നാലു വയസുകാരി അഞ്ജലീന ഷാളണിയിച്ച് ജ്യോതിസിനെ സ്വീകരിച്ചു. പ്രവർത്തകർക്കൊപ്പം സെൽഫിയുമെടുത്ത് പ്രചാരണത്തിനിറങ്ങണമെന്ന നിർദ്ദേശത്തോടെ അടുത്തസ്ഥലത്തേക്ക്. വാഹനപര്യടനം അടുത്ത ദിവസമേ തുടങ്ങൂ. അതുവരെ വീടുകൾ കയറി വോട്ടുപിടിക്കുകയെന്ന തന്ത്രമാണ് സ്ഥാനാർത്ഥിയുടേത്. കഞ്ഞിക്കുഴി ഇല്ലത്തുകാവ് ക്ഷേത്ര ദർശനത്തോടെയാണ് ഇന്നലെ പ്രചാരണം ആരംഭിച്ചത്. വയലാറിൽ വെട്ടേറ്റ് മരിച്ച നന്ദുവിന്റെ വസതിയിൽ ബി.ജെ.പി എം.പി മീനാക്ഷി ലേഖിയ്‌ക്കൊപ്പം എത്തി. വൈകിട്ട് തണ്ണിർമുക്കം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു.